തിരുവനന്തപുരം : മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ലെന്ന് സിപിഐഎം. കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ചൂണ്ടി കാണിച്ചാണ് സിപിഎമ്മിന്റെ മറുപടി. സിപിഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മറുപടി. അതേസമയം, സിപിഎം ഇട്ട ലിസ്റ്റ് പ്രകാരം ഏറ്റവും താഴെ ഉള്ള കണക്കിലാണ് യുപി എന്നത് ശ്രദ്ധേയമാണ്.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
മദ്യ ഉപഭോഗത്തിലും മദ്യത്തിൽ നിന്നുള്ള വരുമാനത്തിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്? സംഘപരിവാറിന്റെയും, സംഘപരിവാറിന്റെ കേരളത്തിലെ വക്താവായ ആരിഫ് മുഹമ്മദ് ഖാന്റെയും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ചില മാധ്യമങ്ങളുടെയും വാദങ്ങൾ കേട്ടാൽ തോന്നുക കേരളത്തിനാണ് ഈ സ്ഥാനം എന്നാണ്. എന്നാൽ സത്യാവസ്ഥ അതല്ല എന്ന് കേന്ദ്രസർക്കാറിന്റെ ഏറ്റവും പുതിയ നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ തന്നെ പറയുന്നുണ്ട്.
മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കിൽ ഒന്നാമതെന്നല്ല ആദ്യ അഞ്ചിൽ പോലും കേരളം ഇല്ല. മദ്യപിക്കുന്ന പുരുഷന്മാരുടെ ശതമാനത്തിൽ ഗോവ ഒന്നാമതും അരുണാചൽ പ്രദേശ് രണ്ടാമതുമാണ്. സ്ത്രീകളുടെ മദ്യ ഉപഭോഗത്തിൽ അരുണാചൽ പ്രദേശ് ഒന്നാമതും സിക്കിം രണ്ടാമതുമാണ്. കേന്ദ്രസർക്കാറിന്റെ തന്നെ കണക്കുകൾ ഇങ്ങനെയാണ് എന്നിരിക്കെയാണ് കേരളത്തിനെതിരായ ഇത്തരം വ്യാജ ആരോപണങ്ങൾ ഉയർത്തുന്നത്. കേരളത്തെയും മലയാളികളെയും ഇകഴ്ത്തി കാട്ടാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായ നുണപ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.
സംഘപരിവാർ നുണ ഫാക്ടറികൾ പടച്ചുവിടുന്ന ഇത്തരം പച്ചക്കള്ളങ്ങളെ വലിയ പ്രധാന്യത്തോടെ ഏറ്റെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ. കേരളത്തിൽ സംഘപരിവാർ ഗവർണറെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇത്തരം നിലപാടുകളിലൂടെ സംഘപരിവാറിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ്. രണ്ടുകൂട്ടരുടെയും ലക്ഷ്യം കേരളത്തെ തകർക്കലും മലയാളികളെ ആക്ഷേപിക്കലുമാണ്.
Post Your Comments