Latest NewsKeralaNews

അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്‌ക്കരിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്‌ക്കരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എസ്.സി. എസ്.ടി., ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വിളർച്ച പ്രതിരോധത്തിന് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ‘വിവ’ എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കും. എല്ലാ വകുപ്പുകളുടേയും പിന്തുണയോടെയായിരിക്കും ആരോഗ്യ വകുപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുക. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലഹരിമുക്ത കേരളം പോലെ എല്ലാ വകുപ്പുകളും ചേർന്നുള്ള പൊതു ക്യാമ്പയിനായിരിക്കും.

Read Also: നൈട്രിക് ഓക്‌സൈഡ് തെറാപ്പിയിലൂടെ നവജാത ശിശുവിനെ രക്ഷിച്ചു: അഭിനന്ദനവുമായി ആരോഗ്യമന്ത്രി

കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച് സുപ്രധാന തീരുമാനമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ദേശീയ സർവേ അനുസരിച്ച് വിളർച്ച നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും അനീമയുടെ നിരക്ക് കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രക്തത്തിൽ എച്ച്ബി അളവ് 12ന് മുകളിൽ വേണം. ഗ്രാമീണ മേഖലയ്ക്ക് പുറമേ നഗരപ്രദേശത്തെ സ്ത്രീകളിലും വിളർച്ച കാണുന്നുണ്ട്. വിളർച്ചയ്‌ക്കെതിരെ ശക്തമായ അവബോധം വേണം. ടെസ്റ്റ്, ടോക്ക്, ട്രീറ്റ് എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

15 വയസ് മുതൽ 59 വയസുവരെയുള്ളവരേയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഏജ് ഗ്രൂപ്പിനുള്ളവർക്കും അനീമയുടെ കാരണങ്ങളിൽ മാറ്റം വന്നേയ്ക്കാം. അതനുസരിച്ചുള്ള ഇടപെടലാണ് നടത്തുക. പോഷകാഹാര ക്രമത്തിലുള്ള മാറ്റമാണ് പ്രധാനമായി വേണ്ടത്. അനീമിയ പരിശോധനയ്ക്കായി 20 ലക്ഷം കിറ്റുകൾ ലഭ്യമാക്കും. ഐഎംഎ, സ്വകാര്യ ആശുപത്രികൾ, സംഘടനകൾ എന്നിവരുടെ സഹകരണവും ഉറപ്പ് വരുത്തും.

ആരോഗ്യ വകുപ്പിന് പുറമേ വനിത ശിശുവികസന വകുപ്പിനും പ്രധാന റോളാണുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ്, എസ്.സി. എസ്.ടി. വകുപ്പ് എന്നിവയുടെ സഹകരണവും ആവശ്യമാണ്. സമഗ്ര അനീമിയ പരിശോധനയാണ് ലക്ഷ്യമിടുന്നത്. മരുന്നുകൾ കഴിച്ചു എന്ന് ഉറപ്പാക്കണം. പോഷക സമൃദ്ധമായ ആഹാരം, ചികിത്സ എന്നിവ അനീമിയ നിയന്ത്രിക്കുന്നതിന് പ്രധാനമാണ്.

അനീമിയ നിയന്ത്രണ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പിന്തുണ മന്ത്രി എം.ബി. രാജേഷ് ഉറപ്പ് നൽകി. കുടുംബശ്രീയുടെ പൂർണ പിന്തുണയുണ്ടാകും. അനീമിയ പാവപ്പെട്ടവരിൽ മാത്രമല്ലാത്തതിനാൽ അവബോധം പ്രധാനമാണെന്നും മന്ത്രി അറിയിച്ചു.

ട്രൈബൽ മേഖലയിൽ പ്രത്യേകമായി അനീമിയ ബാധിതരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഇത് ഫലപ്രദമായി നടപ്പിലാക്കും. ട്രൈബൽ മേഖലയിൽ അവരുടെ ഭാഷയിൽ അവബോധം ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഐടി നിയമം 2021: കാര്യക്ഷമമായ നടപടികൾ സ്വീകരിച്ച് വാട്സ്ആപ്പ്, സെപ്തംബറിൽ നിരോധിച്ചത് 2.6 ദശലക്ഷം അക്കൗണ്ടുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button