പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും സര്‍ഗ്ഗശേഷി വികാസവും ലക്ഷ്യമാക്കി നടന്ന ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022 മത്സരത്തിൽ തൃത്താല ബി.ആർ.സി 38 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 22 പോയിന്റോടെ ആലത്തൂർ ബഡ്സ് സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പും 16 പോയിന്റോടെ ശ്രീകൃഷ്ണപുരം ബഡ്സ് സ്കൂൾ സെക്കൻഡ് റണ്ണേഴ്സ് അപ്പും ആയി. വിവിധ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ആലത്തൂർ ബഡ്സ് സ്കൂൾ വിദ്യാർത്ഥി(ജൂനിയർ) എസ്. സൂരജ്, കണ്ണാടി ബി.ആർ.സി സ്കൂൾ വിദ്യാർത്ഥി(സീനിയർ) സുബ്രഹ്മണ്യൻ എന്നിവർ വ്യക്തിഗത സമ്മാനം കരസ്ഥമാക്കി.
പാലക്കാട് മേഴ്സി കോളെജില്‍ നടന്ന കലോത്സവം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബഡ്സ് കലോത്സവം പോലുള്ള പരിപാടികൾ കുട്ടികളുടെ കഴിവുകളെ അവതരിപ്പിക്കാനുള്ള അവസരങ്ങളായി മാറണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തു നിർത്തി ഇത്തരം അവസരങ്ങളിലേക്ക് എത്തിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. മറ്റു കുട്ടികളോടൊപ്പം പഠിച്ചും കളിച്ചും വളരാനും ആത്മവിശ്വാസം വളർത്താനും പൊതുജീവിതത്തിൽ മറ്റുള്ളവരെ പോലെ പ്രധാന ഇടങ്ങളിലെത്താനും കുട്ടികൾക്കാവട്ടെയെന്നും എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.
പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ബഡ്സ് വിദ്യാര്‍ത്ഥികളുടെ പെയിന്റിങുകള്‍ സ്ഥാപിക്കും
ജില്ലയിലെ വിവിധ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ പെയിന്റിങുകൾ ഉദ്ഘാടന ശേഷം പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിൽ സ്ഥാപിക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വല്ലപ്പുഴ സ്നേഹാലയം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾ സമ്മാനിച്ച എമ്പോസ് പെയിന്റിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ആർ.ടി.സി ടെർമിനലിൽ സ്ഥാപിക്കുന്നതിന് ഷാഫി പറമ്പിൽ എം.എൽ.എക്ക് കൈമാറി. ബഡ്സ് സ്കൂളുകളിൽ നിന്ന് പണം നൽകി പെയിന്റിങുകൾ വാങ്ങുമെന്നും എം.എൽ.എ പറഞ്ഞു.
സമാപന പരിപാടിയിൽ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. സിനിമാതാരം ഷാജു ശ്രീധർ മുഖ്യാതിഥിയായി. നിരഞ്ജന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശേരിയുടെ നാടൻപാട്ടുകൾ വിദ്യാർത്ഥികൾക്ക് ആവേശമായി.
പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, സി.ഡബ്ല്യു.സി ചെയര്‍മാന്‍ എം.വി മോഹനന്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മിനി ബാബു, കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. സുലോചന, കുടുംബശ്രീ സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.ഡി റീത്ത, മേഴ്സി കോളെജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ഗിസല്ല ജോർജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാന്‍ ജെ. വട്ടോളി എന്നിവര്‍ പങ്കെടുത്തു.
Post Your Comments