തിരുവനന്തപുരം: അലര്‍ജിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം അറിയിച്ച വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ അപമാനിച്ച സംഭവത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇടപെടുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കുട്ടിയെ വിദ്യാഭ്യാസ മന്ത്രി വീട്ടിലെത്തി സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയും ചെയ്തു. ടീച്ചര്‍ വന്നപ്പോള്‍ തന്നെ തന്റെ പ്രശ്‌നം പറഞ്ഞിരുന്നുവെന്നും വേദനയുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനി മന്ത്രിയോട് പറഞ്ഞു.
സംഭവം അറിഞ്ഞത് സോഷ്യല്‍ മീഡിയ വഴിയാണെന്നും വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി സ്വീകരിക്കും. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ അധ്യാപകര്‍ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
‘ഓരോ വിദ്യാര്‍ത്ഥിയും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഓരോ അധ്യാപകര്‍ അറിഞ്ഞിരിക്കണം എന്നതാണ് പുതിയ വിദ്യാഭ്യാസ രീതി. അത് എളുപ്പം സാധ്യമാകുന്ന കാര്യമല്ലെങ്കിലും അതിനായി പരിശ്രമിക്കണം. കായിക താരമായ കുട്ടിയ്ക്കാണ് ഈ അവസ്ഥയുണ്ടായത്. ഇന്‍സുലിന്‍ എടുക്കുന്ന കുട്ടികള്‍ക്ക് അതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡിന് ശേഷം പല കുട്ടികള്‍ക്കും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments