പാലക്കാട്: അടുത്തിടെ ജില്ലയിൽ രണ്ടിടങ്ങളിലായി യുവാവും യുവതിയും ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നിൽ ലഹരിയെന്ന് കണ്ടെത്തൽ. രണ്ട് കേസുകളിലും പോലീസ് ലഹരി ബന്ധം ഉറപ്പിച്ചു. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഇതുസംബന്ധിച്ച അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഡിവൈ.എസ്.പി. എം.അനില്‍കുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഹരിയുടെ അമിത ഉപയോഗമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം.
പാലക്കാട് നഗരത്തില്‍ താമസിച്ചിരുന്ന കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന് പിന്നിലും ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങൾ കാരണമാണെന്നാണ് പോലീസിന്റെ നിഗമനം. ഇന്‍ക്വസ്റ്റ് തയ്യാറാക്കാനെത്തിയ പോലീസ് സംഘത്തിന് നിരവധി മദ്യക്കുപ്പികളാണ് പെണ്‍കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും കണ്ടെടുത്തത്. പെൺകുട്ടി സ്ഥിരമായി മദ്യപിച്ചിരുന്നു.
പെൺകുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോൾ ഇവരോടൊപ്പം പെണ്‍കുട്ടി സ്ഥിരമായി മദ്യപിച്ചിരുന്നു. മറ്റുലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തങ്ങള്‍ക്കറിയില്ലെന്നാണ് കൂട്ടുകാര്‍ മൊഴി നല്‍കിയത്. എന്നാൽ, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പെണ്‍കുട്ടി അധികസമയവും മുകള്‍നിലയിലെ മുറിയിലായതിനാല്‍ താഴത്തെ നിലയില്‍ കഴിഞ്ഞിരുന്ന വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. പെൺകുട്ടി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എം.ഡി.എം.എ. അടക്കമുള്ള രാസലഹരികള്‍ പ്രധാനമായും ബെംഗളൂരുവില്‍നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. ആരിൽ നിന്നൊക്കെ പെൺകുട്ടി ലഹരി വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.
പാലക്കാട് സ്വദേശിയായ ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിയായ യുവാവിന്റെ ആത്മഹത്യയിലും ലഹരിക്ക് പങ്ക്. എം.ഡി.എം.എ. അടക്കമുള്ള രാസലഹരികളുടെ ഉപയോഗം ആൺകുട്ടിയെ ഇതിന് അടിമയാക്കിയിരുന്നു. യുവാവ് ലഹരി ഉപയോഗിക്കുന്നതും, ലഹരിക്കച്ചവടത്തില്‍ ഉള്‍പ്പെട്ടതും വീട്ടുകാർ അറിഞ്ഞതോടെ പ്രശ്നമായി. ബംഗളൂരുവിലെ പഠനം പാതിവഴിയിലായി. വീട്ടുകാരോട് ഇതുസംബന്ധിച്ചുണ്ടായ വഴക്കിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന് ആരെല്ലാമായി ബന്ധമുണ്ട്, ബെംഗളൂരുവിലെ ലഹരിമാഫിയ ബന്ധം തുടങ്ങിയവയും പോലീസ് പരിശോധിച്ച് വരികയാണ്.
Post Your Comments