Latest NewsKeralaIndia

അമ്മയെയും രണ്ടര വയസ്സുകാരിയെയും വിളിച്ചിറക്കി കൊണ്ടുപോയ ശേഷം കാണാതായി: മാഹിൻ കണ്ണിനെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് നിന്നും അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പതിനാറംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പയാണ് വിപുലമായ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി എംകെ സുല്‍ഫീക്കറിന് ആണ് അന്വേഷണത്തിന്‍റെ മേൽനോട്ടച്ചുമതല.

നെയ്യാറ്റിന്‍കര എഎസ്പി ടി ഫറാഷാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇവരെ കൂടാതെ രണ്ട് ഡിവൈഎസ്പിമാര്‍, മൂന്ന് സിഐമാര്‍, എസ്ഐമാര്‍ അടക്കമുള്ള 16 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. 11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവം പ്രശസ്ത മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.

പങ്കാളി പൂവാര്‍ സ്വദേശി മാഹിന്‍ കണ്ണ് 2011 ആഗസ്ത് 18 ന് ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്ന് വിദ്യയെയും മകളെയും ഇറക്കിക്കൊണ്ട് പോകുകയായിരുന്നു. പൂവാറില്‍ തന്നെ ഉണ്ടായിരുന്ന മാഹിൻ കണ്ണ് വിദ്യയെയും രണ്ടര വയസ്സുകാരി മകളെയും വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്ന് കള്ളം പറഞ്ഞു. മാറനെല്ലൂര്‍ പോലീസും പൂവാര്‍ പോലീസും അന്ന് അന്വേഷണം അട്ടിമറിച്ചു.

കേസിലെ ദൂരൂഹതയും പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം അട്ടിമറിച്ചതുമെല്ലാം പുറത്തുവന്നതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പോലീസിന് 2011 ല്‍ സംഭവിച്ച ഗുരുതര വീഴ്ചയാണ് ആ അമ്മയ്ക്കും കുഞ്ഞിനും എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതിരിക്കാന്‍ കാരണം. വിദ്യയെയും ഗൗരിയെയും കൂട്ടിക്കൊണ്ടുപോയ പങ്കാളി മാഹിന്‍കണ്ണില്‍ നിന്നും അന്വേഷണ സംഘത്തിന് ഒരുപാട് കാര്യങ്ങളറിയാനുണ്ട്.

 

shortlink

Post Your Comments


Back to top button