ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ വീണ്ടും എംഎം മണി. പാർട്ടിയിൽ തുടരാൻ യോഗ്യത ഇല്ലാത്തത് കൊണ്ടാണ് രാജേന്ദ്രനെ പുറത്താക്കിയതെന്ന് എം എം മണി പറഞ്ഞു. തന്നെ പുറത്താക്കാൻ നേതൃത്വം കൊടുക്കുന്നത് എം എം മണിയും കെ വി ശശിയുമാണെന്ന് രാജേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. തോട്ടം മേഖലയിൽ പ്രത്യേകിച്ച് ജാതി തിരിച്ച് തെറ്റിക്കുവാനോ വേർതിരിക്കുവാനോ ഒന്നും കഴിയില്ല. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുളളവരെ കളളക്കേസിൽ കുടുക്കാനും എം എം മണി അടക്കമുള്ളവർ ശ്രമിക്കുന്നുവെന്നും രാജേന്ദ്രൻ ആരോപിച്ചിരുന്നു.
ഇതിന്റെ മറുപടിയായി ആയിരുന്നു എംഎം മണിയുടെ പ്രതികരണം. രാജേന്ദ്രനെ പുറത്താക്കാൻ സെക്രട്ടേറിയേറ്റ് അംഗം എന്ന നിലയിൽ മുൻകൈ എടുത്തിട്ടുണ്ട്. രാജേന്ദ്രനെ പോലെയുള്ള ഒരുത്തനും ഇരിക്കാൻ പറ്റിയ പാർട്ടിയല്ല സിപിഐഎം എന്നും ഇനിയും ഇടപെടേണ്ട സാഹചര്യം പാർട്ടിയിൽ ഉണ്ടായാൽ ഇടപെടുമെന്നും എം എം മണി പറഞ്ഞു.’രാജേന്ദ്രൻ പറഞ്ഞത് എം എം മണിയുളള പാർട്ടിയിൽ ഞാൻ ഉണ്ടാകില്ലെന്നാണ്. അല്ലേലും പാർട്ടിയിൽ തുടരാൻ യോഗ്യത ഇല്ലാത്തത് കൊണ്ടാണ് രാജേന്ദ്രനെ പുറത്താക്കിയത്. ഒരുപാട് ആളുകൾ ചെയ്ത ത്യാഗമാണ് ഈ പാർട്ടി.
പതിനായിരങ്ങൾ മരിച്ച് ഉണ്ടാക്കിയതാണ്. വെടി വയ്ക്കാൻ പാർട്ടി പറഞ്ഞാൽ താൻ വെടി വയ്ക്കും,’ എം എം മണി പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് എസ് രാജേന്ദ്രനെ സിപിഐഎം സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നുള്ള എം എം മണിയുടെ പ്രസംഗം പുറത്ത് വന്നത്. ഇതിന് പിന്നാലെയായിരുന്നു മണിയുള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്ന പ്രസ്താവനവുമായി രാജേന്ദ്രൻ രംഗത്തെത്തിയത്.
Post Your Comments