
തിരുവനന്തപുരം: വിളക്കുകള്‍ കൊളുത്തിയും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും രാജ്യമിന്ന് നന്മയുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു. ശ്രീരാമന്‍ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയ ദിവസമാണ് ദീപാവലിയെന്നും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴിയില്‍ നിന്നും മഹാലക്ഷ്മി അവതരിച്ച ദിവസമാണെന്നും തുടങ്ങി നിരവധി ഐതീഹ്യങ്ങള്‍ ദീപാവലിക്ക് പിന്നിലുണ്ട്. ദീപാവലി ദിനങ്ങളില്‍ മഹാവിഷ്ണു, മഹാലക്ഷ്മി ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നാണ് ദീപാവലിയെങ്കിലും ഇന്നലെ തന്നെ ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു.
ദീപങ്ങള്‍ കത്തിച്ചും മധുരം പങ്കിട്ടും രംഗോലി ഒരുക്കിയുമാണ് എല്ലാവരും നന്മയുടേയും ഐശ്വര്യത്തിന്റെയും ഉത്സവത്തെ വരവേല്‍ക്കുന്നത്.
സൂര്യന്‍ തുലാരാശിയില്‍ കടക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തില്‍ ദീപാവലി ആഘോഷിക്കുന്നു. എന്നാല്‍ കാശി പഞ്ചാംഗ പ്രകാരം കൃഷ്ണപക്ഷത്തിലെ അമാവാസി നാളിലാണ് ദീപാവലി. ലക്ഷ്മീ പൂജയും ഇതേ ദിവസമാണ്. അമാവാസി രണ്ട് ദിവസമുണ്ടെങ്കില്‍ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. ചില പഞ്ചാംഗങ്ങളനുസരിച്ച് കൃഷ്ണപക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യന്‍ തുലാരാശിയിലെത്തുമ്പോള്‍ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളില്‍ പറയുന്നു.
ദീപം (വിളക്ക്), ആവലി എന്നീ പദങ്ങള്‍ചേര്‍ന്നാണ്, ദീപാവലിയെന്ന പദമുണ്ടായത്, ഇതു ലോപിച്ചാണ് ദീവാ എന്നായിത്തീര്‍ന്നത്. മനുഷ്യഹൃദയങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആസുരികതയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.
Post Your Comments