തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവത്തിലെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. പ്രണയപ്പക വലിയ ഒരു സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
പ്രണയത്തില്‍ കടന്നു വരാനും ഇറങ്ങി പോവാനുമുള്ള വിശാലത കൂടിയാവണം പ്രണയമെന്ന് യൗവ്വനം തിരിച്ചറിയണം. യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാന്‍ തലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നെന്നും ഡി.വൈ.എഫ്.ഐ കുറിപ്പില്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ കുറിപ്പ്: പാനൂരില്‍ സ്വന്തം വീട്ടില്‍ വച്ച് അതിക്രൂരമായി വെട്ടിക്കൊല ചെയ്യപ്പെട്ട വിഷ്ണുപ്രിയക്ക് ആദരാഞ്ജലികള്‍. കൊലയ്ക്ക് പിന്നില്‍ പ്രണയപ്പകയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. കുടുംബത്തിനും സമൂഹത്തിനും തുണയാകേണ്ട പ്രതിഭകളാണ് ഇത്തരം സംഭവങ്ങളിലൂടെ ഇല്ലാതാകുന്നത്. പ്രണയപ്പക വലിയ ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്.
പ്രണയമെന്ന പദത്തില്‍ അതിരില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്റെ അംശമുണ്ട്. അത് പ്രണയിക്കുന്നു എന്നതു പോലെ തന്നെ പ്രണയിക്കുന്നില്ല എന്നതിന്റെ കൂടി സ്വാതന്ത്ര്യമാണ്.
പ്രണയത്തില്‍ കടന്നു വരാനും ഇറങ്ങി പോവാനും ഉള്ള വിശാലത കൂടിയാവണം പ്രണയമെന്ന് യൗവ്വനം തിരിച്ചറിയണം. യെസ് എന്ന് മാത്രമല്ല, നോ എന്ന് കൂടി കേട്ട് വളരാന്‍ തലമുറയെ നമ്മള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു. വിജയങ്ങള്‍ മാത്രമല്ല ജീവിതത്തില്‍, പരാജയങ്ങളും സ്വാഭാവികമെന്ന് കുട്ടികള്‍ പഠിക്കണം. ഇനി ഇതുപോലെ ഒരു ദുരന്ത വാര്‍ത്തയും ഉണ്ടാകാതിരിക്കട്ടെ. ആണ്‍/ പെണ്‍ ബന്ധങ്ങളിലെ ജനാധിപത്യം സംബന്ധിച്ച് സാമൂഹ്യ വിദ്യാഭ്യാസം ശക്തമായി ഏറ്റെടുക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഇത്തരം സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.
Post Your Comments