ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ് (Osteoporosis). അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങൾക്ക് കാരണമാകുന്നു.
എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. മോശം ഭക്ഷണക്രമവും ആവശ്യത്തിന് പോഷകങ്ങൾ ഇല്ലാത്തതുമാണ് എല്ലുകളുടെയും പേശികളുടെയും പൊതുവായ ആരോഗ്യത്തെ ബാധിക്കുന്നത്.
നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എല്ലുകളുടെ ബലത്തിനായും അതുവഴി ഓസ്റ്റിയോപൊറോസിസ് സാധ്യത തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എല്ലുകളുടെ ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാണ്. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയുടെ സാന്നിധ്യവും ആവശ്യമാണ്. പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്, മത്തി, ഇലക്കറികള്‍ എന്നിവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
കാത്സ്യം ആഗിരണം ചെയ്യുന്നതിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് ‘സാൽമൺ’ മത്സ്യമാണ് വിറ്റാമിൻ ഡിയുടെ ഉറവിടം. അതുപോലെ തന്നെ, കൂണ്‍, ധാന്യങ്ങളും പയർ വർഗങ്ങളും കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അതിനാല്‍ ബദാം പോലുള്ള നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പഴങ്ങളും പച്ചക്കറികളുമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഉപ്പിന്‍റെ അമിത ഉപയോഗം കുറയ്ക്കുന്നതാണ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്. അതുപോലെ തന്നെ മദ്യപാനവും കുറയ്ക്കുക. കോഫി കുടിക്കുന്നതിന്‍റെ അളവും കുറയ്ക്കാം. കോളകൾ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം.
Post Your Comments