മലപ്പുറം: ചങ്ങരംകുളത്ത് വാഹന പരിശോധനക്കിടെ പോലീസിനെ അസഭ്യം പറയുകയും എസ്.ഐയെയും പോലീസുകാരനെയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍. പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. തൃത്താലയിൽ എസ്.ഐയെയും പോലീസുകാരനെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയാണ് ഇയാള്‍.
മലപ്പുറം, പാലക്കാട് ജില്ലകളിലായി സമാനമായ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.
മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കുറ്റിപ്പാലയിൽ വാഹന പരിശോധ നടത്തുകയായിരുന്ന ചങ്ങരംകുളം എസ്.ഐ ഖാലിദ്, സി.പി.ഒ രാജേഷ് എന്നിവരെയാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ബൈക്കില്‍ ഹെൽമറ്റില്ലാതെ വന്ന പ്രതിയെ പോലീസ് തടഞ്ഞ് നിർത്തി. തുടര്‍ന്ന് വാഹനത്തിന്‍റെ രേഖകളും ലൈസന്‍സും ആവശ്യപ്പെട്ടു. എന്നാല്‍, ഷാജിയുടെ കൈയില്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ബൈക്കിന് പിഴ അടക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ഷാജി, പോലീസിന് നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.
പിന്നീട്, ഇയാള്‍ പൊലീസുകാരെ അക്രമിക്കുകയും ബൈക്കെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ ഷാജിയെ പോലീസ് കീഴ്പ്പെടുത്തി. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Post Your Comments