കേരളത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കുടംപുളി. പ്രധാനമായും മീൻകറി വെക്കാനാണ് മലയാളികൾ കുടംപുളി ഉപയോഗിക്കുക. കുടംപുളി മരത്തിൽ നിന്നും പഴുത്തുവീണാൽ അവ നല്ലപോലെ ഉണക്കിയെടുത്ത് സൂക്ഷിച്ചാണ് സാധാരണ പാകം ചെയ്യാൻ ഉപയോഗിക്കുക. കാലങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്ന പ്രത്യേകതയും കുടംപുളിക്കുണ്ട്.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധക്കൂട്ടുകളിൽ പ്രധാനിയാണ് കുടംപുളി. അതിനാലാണ് ഇവ തടി കുറയ്‌ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നത്. കുടംപുളിയിൽ ധാരാളം ഫൈറ്റോകെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് കൊഴുപ്പിനെ തടയാൻ സഹായിക്കുന്നത്. ഭാരം കുറയ്‌ക്കുന്നതിന് ഉപകരിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ആണ് കുടംപുളിയിൽ അടങ്ങിയിട്ടുള്ളത്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും വിശപ്പിനെ നിയന്ത്രിക്കാനും ഈ ഫൈറ്റോകെമിക്കലിന് കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ കുടംപുളി വെറുതെ കഴിച്ചതുകൊണ്ട് മാത്രം അമിതഭാരം കുറയുകയില്ല. അതിനായി ചെയ്യേണ്ടത് ഇതാണ്.
നല്ലപോലെ വൃത്തിയാക്കിയെടുത്ത കുടംപുളി 15 മിനിറ്റ് വെള്ളത്തിൽ ഇട്ടുവെക്കുക. ശേഷം ഈ കുടംപുളി വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച വെള്ളം ചൂടാറി കഴിഞ്ഞാൽ മാറ്റിവെക്കുക. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് ഈ വെള്ളം എടുത്ത് കുടിക്കുക. ഇതുവഴി ശരീരത്തിന്റെ ഭാരം കുറയ്‌ക്കാൻ സാധിക്കുന്നതാണ്. വയറ്റിൽ അടിഞ്ഞുകൂടുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇതുവഴി സാധിക്കുന്നു.
കൂടാതെ കുടംപുളി കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വർധിക്കുമെന്നും ശരീരത്തിന്റെ ഊർജ്ജത്തെ ത്വരിതപ്പെടുത്താനാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ രക്തസമ്മർദ്ദത്തിന്റെ അളവിനെ നിയന്ത്രിക്കാനും കുടംപുളി സഹായിക്കും.
Post Your Comments