മംഗളൂരു: മലയാളി വിദ്യാർത്ഥിനി മംഗളൂരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തും സഹപാഠിയുമായ വിദ്യാർത്ഥിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. 22-കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അൽത്താഫിനെതിരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
തൃശൂർ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പിൽ വീട്ടിൽ ബാബുവിന്റെ മകളാണ് ഭുവന. മംഗളൂരുവിൽ പേയിംഗ് ഗസ്റ്റായി താമസിച്ചു വന്ന വീട്ടിലാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ബെൽമേട്ട യേനപ്പോയ കോളജിലെ ഫോറൻസിക് സയൻസ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു ഭുവന. വെള്ളിയാഴ്ച വൈകിട്ടാണ് ഭുവന ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യയ്‌ക്ക് മുമ്പ് ഭുവന വീട്ടുകാർക്ക് അയച്ച സന്ദേശമാണ് നിർണായകമായത്.
തന്റെ മരണത്തിന് ഉത്തരവാദി അൽത്താഫ് ആണെന്നും എവിടെയെങ്കിലും പോയി ചത്തുകളയാൻ അൽത്താഫ് പറഞ്ഞതായും ഭുവന അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. ഭുവനയുടെ മരണത്തെ തുടർന്ന് സഹപാഠിയും ആലപ്പുഴ സ്വദേശിയുമായ അൽത്താഫിനെതിരെ പോലീസ് അന്വേഷണം ആരംഭിക്കുകയും, തുടർന്ന് പാണ്ഡേശ്വരം പോലീസ് അൽത്താഫിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Post Your Comments