തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് കൂടുതൽ അവസരം നൽകുന്ന പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 2020ന് മുമ്പ് ആറോ എഴോ പേർ മാത്രമായിരുന്നു ബിജെപിക്ക് വേണ്ടി ചാനലിൽ ചർച്ചകൾക്ക് പോകാനുണ്ടായിരുന്നത്. എന്നാൽ ഇന്ന് 35 ഓളം പാനലിസ്റ്റുകൾ ബിജെപിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അച്ചടക്ക നടപടിക്ക് വിധേയനായ ആൾക്ക് താത്പര്യം ഇല്ലാത്ത കാലത്തോളം അത് പുറത്തു പറയുന്നത് ബിജെപിയുടെ രീതിയല്ലെന്ന് സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയ ചോദ്യത്തോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി. അവഗണിക്കപ്പെടുന്നെന്ന് നിങ്ങൾ പറയുന്ന നേതാക്കളെല്ലാം വക്താക്കളായത് തന്റെ ടേമിലാണെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
അതേസമയം, രാമായണത്തെ ദുർവ്യാഖ്യാനം ചെയ്തും തെക്കൻ കേരളത്തെ അപമാനിച്ചുമുള്ള കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്തു നിന്നുള്ള എപി ശശി തരൂർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. വിഡി സതീശൻ ഉൾപ്പെടെയുള്ളവർ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നല്ലേ സുധാകരൻ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. തെക്കൻ കേരളത്തിലുള്ള കോൺഗ്രസ് നേതാക്കളോടുള്ള കെറുവ് ജനങ്ങളുടെ മേൽ കെട്ടിവെച്ചത് ശരിയായില്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Read Also: ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ: കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
Post Your Comments