കൊച്ചി: സ്വവർഗ കപ്പിൾ ആയ ആദിലയുടെയും നൂറയുടെയും ‘വിവാഹ നിശ്ചയ’ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇവർ വിവാഹിതരായെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് പിന്നിൽ മറ്റൊരു കഥയാണുള്ളത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ ഒരു ഫോട്ടോഷൂട്ടിന് വേണ്ടി സംഘടിപ്പിച്ചതാണെന്ന് ഇവർ തന്നെ പറയുന്നു. വൈപ്പിനിൽ നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണെന്ന് ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു.
‘ഞങ്ങളുടെ കമന്റ് ബോക്സ് നിറയെ സെക്സ് റിലേറ്റഡ് ആയിട്ടുള്ള കമന്റ്സ് ആണുള്ളത്. തലച്ചോറിന് പകരം സെക്സ് തലയിൽ കുത്തിനിറച്ചവരുണ്ട്. ഞങ്ങൾക്ക് ഇപ്പോഴും പരസ്പരം പ്രണയം തന്നെയാണ്. മുസ്ലിം ബാക്ക്ഗ്രൗണ്ടിൽ നിന്ന് ഇങ്ങനെ ആരും വന്നിട്ടില്ല. അതാകും ഞങ്ങൾക്ക് പ്രാധാന്യം കിട്ടാൻ കാരണം. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടില്ല. ജീവിതം അടിപൊളി ആയിട്ട് പോകുന്നു. ഞരമ്പ് രോഗികളുടെ കുടിവാസ കേന്ദ്രമാണ് ഞങ്ങളുടെ കമന്റ് ബോക്സ്. അതുകൊണ്ട് അതിനെ കുറിച്ച് അത്ര ബോധവാന്മാർ അല്ല. കമന്റ് കണ്ടിട്ട് ഞങ്ങൾക്ക് വിഷമം ഒന്നും തോന്നാറില്ല. അവർക്ക് ബോധമില്ലാത്തോണ്ട് അവർ ഓരോന്ന് എഴുതി വിടുന്നു.
Also Read:കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
ഞങ്ങളുടെ വീട്ടുകാരുടെ കണ്ണിൽ ഞങ്ങൾ മനോരോഗികൾ ആണല്ലോ? സെക്ഷ്വൽ കമന്റുകളാണ് കൂടുതലും വരുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇതിനൊക്കെ കാരണം. തലച്ചോറിന് പകരം സെക്സ് കുത്തിനിറച്ചവരോട് എന്ത് പറയാനാണ്? അവർക്കൊക്കെ ഭയങ്കര വേവലാതിയാണ്. മറ്റൊരാളുടെ വ്യക്തിജീവിതത്തിൽ ഇടപെടാൻ നാട്ടുകാർക്ക് ഇഷ്ടമുള്ള കാര്യമാണ്. ഞങ്ങൾ തീരുമാനിച്ച ജീവിതമാണിത്. ഇത് ഞങ്ങളുടെ ജീവിതവും തീരുമാനവും ആണ്. ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ ഇപ്പോൾ സന്തോഷമാണ്. എല്ലാവരും ഞങ്ങൾക്കൊരു കാലാവധി ഇട്ടിട്ടുണ്ട്. അത് കഴിഞ്ഞാൽ ഞങ്ങൾ പിരിയും എന്നാണ് അവർ കരുതുന്നത്. നമ്മുടെ ശരി നമ്മൾ തീരുമാനിക്കുന്നതാണ്. അവസാനം നമ്മൾ മാത്രമേ ഉണ്ടാകൂ. തീരുമാനം ശരിയാണെങ്കിൽ നമ്മൾ ഹാപ്പി ആയിരിക്കും’, ആദിലയും നൂറയും പറയുന്നു.
കൂട്ടുകാരിയായ ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാൻ അനുമതി തേടി ആദില നസ്റിൻ നേരത്തെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയതിനെ തുടർന്നായിരുന്നു ആദില കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. അതിന് ശേഷം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇരുവരും പുതിയ ജീവിതത്തിന്റെ സന്തോഷങ്ങള്‍ ചിത്രങ്ങളായും പോസ്റ്റുകളായും പങ്കുവെയ്ക്കാറുണ്ടായിരുന്നു. പ്ലസ് വണ്ണിൽ തുടങ്ങിയ പരിചയം പ്രണയമായി മാറുകയായിരുന്നു. സമൂഹം എന്ത് പറയുന്നുവെന്നത് തങ്ങൾ കാര്യമാക്കുന്നില്ലെന്ന് ഇവർ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments