കൊച്ചി: വ്യാജ യാത്രാരേഖകൾ തയാറാക്കി ജോലിക്കായി ആളുകളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ഗോപവാരം തല റാം ബാബു (46), ഈസ്റ്റ് ഗോദാവരി കൊല്ലാപാളയം വെഡ്ഡി മോഹൻ റാവു (50) എന്നിവരാണ് പിടിയിലായത്. നെടുമ്പാശ്ശേരി പോലീസ് ആണ് ഇവരെ പിടികൂടിയത്.
ആന്ധ്രാ സ്വദേശികളായ സ്ത്രീകളെ മസ്ക്കറ്റിൽ വീട്ട് ജോലിക്കെന്ന് പറഞ്ഞ് വിസിറ്റിംഗ് വിസയിൽ നെടുമ്പാശേരി വഴി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. എയർപോർട്ടിലെ പരിശോധനയിൽ വിസ, റിട്ടേൺ ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എജന്റുമാരെ പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് ഇവർ പിടിയിലായത്.
പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി.കെ സുധീർ, എ.എസ്.ഐമാരായ അബ്ദുൾ സത്താർ, ബൈജു കുര്യൻ, പ്രമോദ്, ഷിജു, സി.പി.ഒമാരായ നവാബ്, ആന്റണി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Post Your Comments