ആഗ്ര: രണ്ട് വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കാമുകനും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് കിത്തോത് സ്വദേശിയായ 16-കാരിയെയാണ് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്നകിത്തോത് സ്വദേശി ഗൗരവ് സിങ്(25), പിതാവ് ചന്ദ്രബാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
രണ്ട് വര്‍ഷം മുമ്പ് 16-കാരിയെ കാണാതായ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേസിലെ മുഖ്യപ്രതിയായ ഗൗരവ് സിങ്ങിന്റെ സമീപവാസിയായിരുന്നു പെണ്‍കുട്ടി. ഇരുവരും തമ്മില്‍ അടുപ്പത്തിലുമായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ ഗൗരവ് സിങ്ങിനെതിരെ പരാതി നല്‍കിയതോടെ ഇയാളും കുടുംബാംഗങ്ങളും നാട്ടില്‍ നിന്ന് മുങ്ങി. ഇതോടെ കേസിന്റെ അന്വേഷണം നിലയ്ക്കുകയായിരുന്നു.
പെണ്‍കുട്ടിയെ ഗൗരവ് സിങ് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു പോലീസും നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍, ഗൗരവിനെയും ഇയാളുടെ പിതാവ് അടക്കമുള്ളവരെയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അടുത്തിടെ പ്രതികളെ പിടികൂടാനുള്ള കേസുകളില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഫിറോസ്ബാദ് എസ്.എസ്.പി. നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഗൗരവും പിതാവും പിടിയിലായത്.
2020 നവംബര്‍ ; 21-നാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സമീപവാസിയായ പെണ്‍കുട്ടിയെ ഇരുചക്രവാഹനം ഓടിക്കാന്‍ പഠിപ്പിച്ചിരുന്നത് ഗൗരവായിരുന്നു. ഇതിനുപിന്നാലെ ഇരുവരും അടുപ്പത്തിലായി. എന്നാല്‍, ഗൗരവിന്റെ കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതിനിടെ പെണ്‍കുട്ടി വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമായിരുന്നു ഗൗരവിന്റെ മൊഴി.
നവംബര്‍ 21-ാം തിയതി ഗൗരവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മറ്റുപ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ മൃതദേഹം മറവുചെയ്യാനുള്ള പദ്ധതിയും പ്രതികള്‍ തയ്യാറാക്കി. വീട്ടിലെ കിടപ്പുമുറിയില്‍ കുഴിയെടുത്ത ശേഷം അതിലാണ് മൃതദേഹം മറവുചെയ്തത്. തുടര്‍ന്ന് തറ വീണ്ടും പഴയ പോലെയാക്കുകയും ഈ ഭാഗത്ത് ഗോതമ്പ് സൂക്ഷിക്കുകയും ചെയ്തു.
സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ മാതാവ് മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. ഗൗരവ് മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഇവരുടെ പരാതി. സംഭവത്തില്‍; പോലീസ് കേസെടുത്തതോടെ ഗൗരവും പിതാവും രണ്ട് സഹോദരങ്ങളും നാടുവിടുകയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ വിവിധഭാഗങ്ങളിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. ഗൗരവും പിതാവും പിടിയിലാകുന്നത് വരെ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടി ഗൗരവിനൊപ്പം ഉണ്ടാകുമെന്നായിരുന്നു പോലീസും കരുതിയിരുന്നത്. എന്നാല്‍ 16-കാരിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു പ്രതികളുടെ വെളിപ്പെടുത്തല്‍.. ഇതോടെ പോലീസ് സംഘം പ്രതികളുമായി ഇവരുടെ പഴയ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
Post Your Comments