പ്രണയത്തിന് കണ്ണും മലൂക്കും ഇല്ലെന്ന് പറയുന്നത് വെറുതെയല്ല. പ്രായവും രാജ്യവും ഒന്നും പ്രണയത്തിന് ബാധ്യതയാകാറില്ല. അതുപോലെ ഒരു അമേരിക്കൻ സ്ത്രീ തന്റെ കാമുകനുമായി ചേർന്ന് ജീവിക്കുന്നതിന് വേണ്ടി സ്വന്തം നാടും വീടും എല്ലാം വിട്ട് വന്നിരിക്കുകയാണ്. അതും തന്നെക്കാൾ മുപ്പത് വയസ്സിന് ഇളപ്പമുള്ള കാമുകനൊപ്പം ജീവിക്കാൻ.
ദെബോറാ ബബു എന്ന കാലിഫോർണിയാക്കാരിയാണ് 9000 മൈൽ സഞ്ചരിച്ച് ടാൻസാനിയയിലെത്തി മാസായി ഗോത്രത്തിൽ പെട്ട തന്റെ കാമുകനെ വിവാഹം കഴിച്ചത്. കാമുകന് അവളേക്കാൾ 30 വയസ് കുറവാണ്. ടാൻസാനിയയിലെ സൻസിബാറിൽ മകളുമൊത്ത് വെക്കേഷൻ ആഘോഷിക്കവെ 2017 -ലാണ് ദെബോറ, സൈതോയ് ബബുവിനെ ആദ്യമായി കാണുന്നത്.
അമ്മയും മകളും ടാൻസാനിയയിലൂടെ നടക്കവേയാണ് രണ്ട് മസായികളെ കാണുന്നത്. അതിൽ ഒരാൾ സുവനീർ വിൽക്കുകയായിരുന്നു. അന്ന് 30 വയസുള്ള സൈതോയ് ആയിരുന്നു സുവനീർ വിറ്റിരുന്നത്. അന്ന് ദെബോറ അവർക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു. അതിന് പിന്നാലെ, ദെബോറയും സൈതോയ്‍യും തമ്മിൽ സുഹൃത്തുക്കളായി. തിരികെ യുഎസ്സിലെത്തിയിട്ടും അവർ സംസാരിക്കുന്നത് തുടർന്നു.
അതിനിടയിലാണ് ദെബോറയോട് സൈതോയ് തന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ചു. ഇത്രയും വയസിന്റെ വ്യത്യാസം തമ്മിൽ ഉണ്ടായിരുന്നു എങ്കിലും ദെബോറയുടെ മക്കൾ ദെബോറയോട് ആ വിവാഹത്തിന് സമ്മതം മൂളാനാണ് പ്രോത്സാഹിപ്പിച്ചത്. അങ്ങനെ 2018 -ൽ ഇരുവരും മസായ് ആചാരപ്രകാരം വിവാഹിതരായി. ഈ വർഷം ജൂലായ് -യിൽ ഇരുവരും ഔദ്യോഗികമായും വിവാഹിതരായി. ദെബോറ പിന്നീട് മസായി പേരായ നാഷിപായ് എന്ന പേര് സ്വീകരിച്ചു. ഇപ്പോൾ സൈതോയ് -യുടെ കുടുംബത്തോടൊപ്പം ടാൻസാനിയയിൽ കഴിയുകയാണ്.
Post Your Comments