രാജ്യത്ത് ഇ- വാഹന വിൽപ്പനയിൽ ഉത്സവകാല കുതിപ്പ്. സെപ്തംബറിലെ കണക്കുകൾ പ്രകാരം, എല്ലാ ശ്രേണികളിലുമായി 91,568 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് സെപ്തംബറിൽ രേഖപ്പെടുത്തിയത്. മുൻ വർഷത്തേക്കാൾ 167 ശതമാനം വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. ഉത്സവകാലത്തിന്റെ പിൻബലത്തിൽ വാഹന വിപണിയാകെ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്.
ഓഗസ്റ്റ് മാസത്തിൽ ആകെ 86,066 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത്തവണ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിച്ചത് ഒല ഇലക്ട്രിക് ആണ്. 9,600 യൂണിറ്റുകൾ വിൽക്കാൻ ഒല ഇലക്ട്രിക്കിന് സാധിച്ചിട്ടുണ്ട്. അതേസമയം, ഒകിനാവ, ഹീറോ ഇലക്ട്രിക് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒകിനാവ 8,200 യൂണിറ്റ് വാഹനങ്ങളും, ഹീറോ ഇലക്ട്രിക് 8,000 യൂണിറ്റ് വാഹനങ്ങളുമാണ് വിറ്റഴിച്ചത്.
Also Read: ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബനാന കോക്കനട്ട് ഇഡലി
ഏപ്രിൽ, മെയ് മാസങ്ങളിലാണ് രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി തിരിച്ചടികൾ നേരിട്ടത്. ഇക്കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാറ്ററി പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് മാസത്തിൽ 50,764 യൂണിറ്റ് ഇ- ടൂവീലറുകൾ വിറ്റെങ്കിലും, മെയ് മാസത്തോടെ 40,089 യൂണിറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
Post Your Comments