കടൽ കടന്ന് ഇന്ത്യയുടെ തനത് കാശ്മീരി ആപ്പിൾ. ലോകത്തിലെ തന്നെ മികച്ച ഗുണ നിലവാരമുള്ള ആപ്പിളുകളിൽ ഒന്നായ കാശ്മീരി ആപ്പിൾ ഇനി മുതൽ യുഎഇ വിപണികളിലും വാങ്ങാൻ സാധിക്കും. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ മായ ഗ്രൂപ്പ് എന്ന ബിസിനസ് കമ്പനിയാണ് യുഎഇ വിപണികളിലേക്ക് കാശ്മീരി ആപ്പിളിനെ എത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ അൽ മായ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അമ്പതിലധികം സൂപ്പർ മാർക്കറ്റുകളിലാണ് ലഭിക്കുക.
ലോകത്തിൽ ആപ്പിൾ ഉൽപ്പാദനത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. സെപ്തംബർ- ഒക്ടോബർ മാസങ്ങളിലാണ് കാശ്മീരി ആപ്പിൾ സാധാരണയായി വിളവെടുക്കുന്നത്. ഉൽപ്പാദനത്തിന്റെ മൂന്ന് ശതമാനത്തോളം വിഹിതം കാശ്മീരി ആപ്പിളിനാണ് ഉള്ളത്. ഇതാദ്യമായാണ് യുഎഇ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് കാശ്മീരി ആപ്പിൾ വാങ്ങാൻ സാധിക്കുന്നത്.
അൽ മായ ഗ്രൂപ്പിന് വിവിധ രാജ്യങ്ങളിൽ സൂപ്പർ മാർക്കറ്റുകൾ ഉണ്ട്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലാണ് സൂപ്പർ മാർക്കറ്റുകൾ സ്ഥിതി ചെയ്യുന്നത്.
Post Your Comments