KeralaLatest NewsNews

‘കുഴിമന്തി’ നിരോധന പോസ്റ്റിനെ പിന്തുണച്ച് കമന്റ്: വിവാദമായപ്പോൾ കമന്റ് മുക്കി, ശാരദക്കുട്ടിയുടെ ന്യായീകരണമിങ്ങനെ

കൊച്ചി: തൃശൂർ ഭാഷയെ മാലിന്യത്തിൽ നിന്നും നീക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് ഇട്ട കമന്റ് വിവാദമായതോടെ വിശദീകരണവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. വൈറൽ കമന്റ് പിൻവലിക്കുന്നതായി ശാരദക്കുട്ടി അറിയിച്ചു. ഏതു രൂപത്തിലായാലും ഫാസിസം ഭയപ്പെടുത്തുന്നതു കൊണ്ടാണ് കമന്റ് പിൻവലിച്ചതെന്നാണ് ശാരദക്കുട്ടി വ്യക്തമാക്കുന്നത്. താൻ ഉപയോഗിച്ച ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നുവെന്നാണ് ശാരദക്കുട്ടി കുറിച്ചത്.

കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നായിരുന്നു ശാരദക്കുട്ടി കമന്റായി കുറിച്ചത്. പേരുംകൂടി ആകർഷകമായാലേ തനിക്ക് കഴിക്കാൻ പറ്റൂവെന്നും ശാരദക്കുട്ടി എഴുതിയിരുന്നു. പോസ്റ്റിനെ പിന്തുണച്ച് സുനില്‍ പി ഇളയിടം അടക്കമുള്ള സാംസ്കാരിക നേതാക്കള്‍ രംഗത്തെത്തിയതോടെ വിവാദം കനത്തു. ശാരദക്കുട്ടി അടക്കമുള്ളവർക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഒരു ഭക്ഷണം ഇഷ്ടമാണ്. അത് കഴിക്കാനിഷ്ടമാണ്, എന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല , എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനും . അതിന് balance ചെയ്യാനായി വഴുവഴുത്തതു കൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേർത്തു പറഞ്ഞാൽ Politically correct ആകുമോ ? ശാരദക്കുട്ടി എന്ന പേര് നിങ്ങൾക്കാർക്കും ഇഷ്ടമല്ല എന്നതുകൊണ്ട് എനിക്ക് പ്രശ്നമൊന്നുമില്ല. അത് നിങ്ങൾക്ക് തോന്നുന്ന രീതിയിലെല്ലാം എഴുതി എന്നോടുള്ള ദേഷ്യം തീർക്കാം. അത് നിങ്ങളുടെ ഇഷ്ടം . നിങ്ങളുടെ സ്വാതന്ത്ര്യം. എന്നെ എന്റെ ഇഷ്ടങ്ങളെ വിമർശിക്കുന്നവർക്കെതിരെ വാളുമെടുത്ത് ഇറങ്ങാറില്ല ഞാൻ .

സാമ്പാർ , തോരൻ, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത എന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളു എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും. Politically correct ആകാൻ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോ എന്ന് കരുതി ബോധപൂർവ്വം പരിശ്രമിക്കുന്നതു കൊണ്ടാണ്. ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ ഇനിയും കൂടുതൽ ശ്രദ്ധിക്കാം. എല്ലാ ഭക്ഷണസാധനങ്ങളും എനിക്കിഷ്ടമല്ല ഇഷ്ടപ്പെടുവാൻ സാധ്യവുമല്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്. എന്റെ ഭക്ഷണം , നിന്റെ ഭക്ഷണം എന്നൊക്കെ അതിന് വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ് ?

Screen shot ഒക്കെ ധാരാളം പോയത് കൊണ്ട് കമന്റ് പിൻവലിക്കുന്നതിലർഥമില്ലെന്നറിയാം. എങ്കിലും അതങ്ങു പിൻവലിക്കുന്നു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണത്. ഞാൻ എന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button