കൊച്ചി: തൃശൂർ ഭാഷയെ മാലിന്യത്തിൽ നിന്നും നീക്കാൻ ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്ന നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പുതിയ വിവാദത്തിന് തുടക്കമിട്ടു. സുനിൽ പി. ഇളയിടം, ശാരദക്കുട്ടി തുടങ്ങിയവർ പോസ്റ്റിന് പിന്തുണ നൽകിയതോടെ സംഭവം വിവാദമായി. ഇപ്പോൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ കുഴിമന്തിക്കൊപ്പമാണെന്ന് വ്യതമാക്കുകയാണ് എഴുത്തുകാരൻ മുരളി തുക്കാരുകുടി. കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം. യെമനിൽ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണിൽ കുഴിയുണ്ടാക്കി മരക്കരിയിൽ മണിക്കുറുകൾ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണ്. കുഴിയിൽ ഉണ്ടാക്കുന്നതിനാലാണ് കേരളത്തിൽ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തിൽ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. കേരളത്തിൽ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ മന്തി കടകൾ ഉണ്ട്. യെമനിൽ പോലും ഇപ്പോൾ ഇത്രയും മന്തിക്കടകൾ ഉണ്ടോ എന്ന് സംശയമാണ്. കെ എഫ് സിയും പിസാഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണ്. കുഴിമന്തിക്കൊപ്പം മാത്രം’, മുരളി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, തന്റെ കമന്റ് വൈറലായതോടെ ഇത് പിൻവലിക്കുന്നതായി ശാരദക്കുട്ടി അറിയിച്ചു. ഏതു രൂപത്തിലായാലും ഫാസിസം ഭയപ്പെടുത്തുന്നതു കൊണ്ടാണ് കമന്റ് പിൻവലിച്ചതെന്നാണ് ശാരദക്കുട്ടി വ്യക്തമാക്കുന്നത്. താൻ ഉപയോഗിച്ച ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നുവെന്നാണ് ശാരദക്കുട്ടി കുറിച്ചത്.
Post Your Comments