
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ മാളിൽ ‘സാറ്റർഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരുപാടിക്കെത്തിയ യുവനടിമാരെ കാണികൾക്കിടെയിൽ നിന്നും ചിലർ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഉണ്ടായതെന്നും, ലജ്ജിപ്പിക്കുന്ന സംഭവമാണെന്നും നിവിൻ പോളി ഫേസ്‌ബുക്കിൽ കുറിച്ചു.
സംഭവാവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. ചിത്രത്തിന്റെ നിർമാതാവ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കേസ് രജിസ്റ്റർ ചെയ്യുക.
ചൊവ്വാഴ്ച കോഴിക്കോട്ടെ മാളിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങ് കഴിഞ്ഞിറങ്ങും വഴിയാണ് രണ്ടുനടിമാർ ലൈംഗിക അതിക്രമത്തിന് ഇരയായത്. അതിക്രമത്തിന് ഇരയായ നടി ഇക്കാര്യം ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കോഴിക്കോട് നിന്നും നടിമാരിൽ ഒരാൾ കൊച്ചിയിലേക്ക് മടങ്ങി പോയപ്പോൾ മറ്റൊരാൾ കണ്ണൂരിലേക്കാണ് പോയത്. രണ്ട് നടിമാരേയും നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ വനിതാ പൊലീസ് സംഘം പോയിട്ടുണ്ട്.
അതിക്രമം നടത്തിയ ആളുകളെ ഏറെക്കുറെ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസ് എടുത്ത ഉടനെ തന്നെ സിസി ടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്കും ശാസ്ത്രീയ പരിശോധനയ്ക്ക് വിധയേമാക്കും. പൊതുസ്ഥലത്ത് ഇത്തരമൊരു സംഭവം നടന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അപലപനീയമെന്നും വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചു. അടിയന്തിര നടപടികളെടുക്കാൻ പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments