തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ ഭാഗ്യശാലി തിരുവനന്തപുരം സ്വദേശിയായ അനൂപ് ആണ്. ഓട്ടോ ഡ്രൈവർ ആയ അനൂപിനെ ഭാഗ്യം തേടിയെത്തുകയായിരുന്നു. ബി.ജെ.പി അനുഭാവി കൂടി ആയ അനൂപിന്റെ പഴയൊരു പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. യുവമോർച്ച ഭാരവാഹി കൂടിയായ അനൂപ് ഇടത് സർക്കാരിനെ വിമർശിച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ലോട്ടറിയും മദ്യവും ട്രാഫിക് നിയമങ്ങളിലെ പിഴയും എല്ലാം കൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് അനൂപ് ഇക്കഴിഞ്ഞ മെയ് മാസം തന്റെ ഫേസ്‌ബുക്കിൽ എഴുതിയത്. ലോട്ടറി എന്നത് സർക്കാർ നടത്തുന്ന ഒരു കൊള്ള ആണെന്നും അനൂപ് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ വൈറലാകുന്നത്.
അതേസമയം, ലോട്ടറി അടിച്ചെന്നറിഞ്ഞ് ഒരുപാട് പേർ വിളിച്ചെന്നും, പലരും പണം ചോദിച്ച് തുടങ്ങിയെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനൂപ് തന്റെ അനുഭവവും ആശങ്കകളും പങ്കുവെച്ചത്. ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കെയാണ് അനൂപിന് ലോട്ടറി അടിച്ചത്. ഇതോടെ ഇനി വിദേശത്തേക്ക് പോകുന്നില്ല എന്ന തീരുമാനത്തിലാണ് അനൂപ്.
‘ഏജൻസിയിൽ വെച്ച് തന്നെ കുറെ ആൾക്കാർ പണം ചോദിക്കാൻ തുടങ്ങിയിരുന്നു. കുറെ ആളുകൾ വിളിച്ചിട്ട് വീട്ടിലേക്ക് വരാം സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോൾ ടെൻഷൻ ഉണ്ട്. ഇനി ബന്ധുക്കളൊക്കെ പിണങ്ങാൻ തുടങ്ങും. എത്ര കൊടുത്താലും ആളുകൾക്ക് പറച്ചിൽ വരും. ഇപ്പോ എല്ലാവരും സ്നേഹത്തിലാണ്. ഇനി അത് മാറും. ആളുകളുടെ ഫോൺകോളുകളും വീഡിയോ കോളും തുടർച്ചയായി ലഭിച്ചതിനാൽ ഇതുവരെ ശരിക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല.
നറുക്കെടുപ്പിൽ വിജയമാകുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. നറുക്കെടുപ്പിൽ വിജയിച്ചപ്പോൾ എന്താണ് ചെയ്യേണ്ട കാര്യങ്ങൾ എന്ന് അറിയില്ലായിരുന്നു. ഇപ്പോൾ കുറച്ചു കാര്യങ്ങൾ മനസ്സിലായി. പണം സേവ് ചെയ്ത ശേഷം മാത്രമേ മറ്റുകാര്യങ്ങൾ ആലോചിക്കുകയുള്ളൂ. വിവരങ്ങൾ അന്വേഷിച്ചു ബോധ്യപ്പെട്ട ശേഷം ചെയ്യും’, അനൂപ് പറയുന്നു.
Post Your Comments