KeralaCinemaMollywoodLatest NewsNewsEntertainment

‘നടിമാർ ഇല്ലാതെ ഒരു സിനിമ ചെയ്യുക സാധ്യമല്ല, നടിമാരുടെ കഴിവിന് യാതൊരു വിലയും ലഭിക്കുന്നില്ല’: പത്മപ്രിയ

മലയാള സിനിമയിൽ അടുത്ത കാലത്ത് ചർച്ചയായ വിഷയമാണ് തുല്യ വേതനം. താര മൂല്യമാണ് പ്രതിഫലം നൽകാനുള്ള മാനദണ്ഡം എന്നാണ് മേഖലയിലെ പ്രമുഖർ പറയുന്നത്. എന്നാൽ, ന്യായമായ വേതനത്തിന് വേണ്ടിയാണ് തങ്ങൾ ശബ്ദമുയർത്തുന്നതെന്ന് നടിമാർ പറയുന്നു. തുല്യ വേതനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടക്കം മുതൽ നിലപാട് അറിയിച്ച ആളാണ് നടി പത്മപ്രിയ. ന്യായമായ വേതനം ലഭിക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടാണെന്ന് പറയുന്നത് എങ്ങനെയാണെന്നും, അർഹതപ്പെട്ട വേതനം ചോദിക്കുന്ന നടിമാരെ ബാൻ ചെയ്യുകയാണ് മലയാള സിനിമ ചെയ്യുന്നതെന്നും പത്മപ്രിയ പറയുന്നു. സൗത്ത് റാപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മീര ജാസ്മിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സ്ത്രീ അഭിനേതാക്കൾ ഇല്ലാതെ ഒരു സിനിമ ചെയ്യുക സാധ്യമല്ല. എന്നാൽ നടിമാരുടെ കഴിവിന് യാതൊരു വിലയും ലഭിക്കുന്നില്ലെന്നും പത്മപ്രിയ പറഞ്ഞു.

‘ന്യായമായ വേദനം കിട്ടണം. അത് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല. 2005 കാലയളവിൽ ആണ് ഞാൻ സിനിമയിൽ വരുന്നത്. ‘വടക്കുംനാഥൻ’ വലിയ ഹിറ്റായിരുന്നു. അതിന് മുമ്പ് ‘കാഴ്ച’, ‘അമൃതം’ അങ്ങനെ കുറേ ഹിറ്റുകൾ കഴിഞ്ഞ് നിൽക്കുന്ന സമയം ആണ്. ആ സമയം മീര ജാസ്മിൻ ഉണ്ടായിരുന്നു. അവരും വാണിജ്യപരമായി വിജയിക്കുന്ന സിനിമകൾ ചെയ്യുന്ന സമയമായിരുന്നു. കലാപരമായും അവരുടെ വർക്കുകൾ നല്ലതാണ്. പ്രതിഫലം കൂട്ടി ചോദിച്ചതിന് അന്ന് മീര ജാസ്മിന് ബാൻ നേരിടേണ്ടതായി വന്നു. അത് വളരെ ചെറിയ തുകയായിരുന്നു.

ആ സമയത്ത് ഇവിടെ ആർക്കും അറിയാത്ത ഒരു കുട്ടി ബോംബെയിൽ നിന്ന് വന്നു, കത്രീന കൈഫ്. അവർ വന്ന് ഒരു മലയാള സിനിമ ചെയ്തു. കത്രീന അന്ന് ഒരു ഹിന്ദി സിനിമ പോലും ചെയ്തിട്ടില്ല. ഒരു പരസ്യം മാത്രമാണ് വന്നിട്ടുണ്ടായിരുന്നത്. മീരയ്ക്ക് ലഭിച്ചതിന്റെ ഇരട്ടി പ്രതിഫലമാണ് അവർക്ക് കൊടുത്തത്. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയ്ക്ക് പകരം വയ്ക്കുകയല്ല. ന്യായമായ പ്രതിഫലം വേണമെങ്കിൽ കൊടുക്കാനൊക്കെ പറ്റും. പക്ഷേ അവർ അർഹതപ്പെട്ട വേതനം നൽകാൻ തയാറാകുന്നില്ല. അത് ചോദിക്കുകയാണെങ്കിൽ ഞങ്ങളെ ബാൻ ചെയ്യും. അല്ലെങ്കിൽ ഞങ്ങളെ ഒഴിവാക്കി പുതിയ ഒരാളെ എടുത്ത് അവർക്ക് അതിലും കുറഞ്ഞ പ്രതിഫലം കൊടുക്കും. നമ്മുടെ കഴിവിന് ഒരു വിലയുമില്ല. എന്നാൽ സ്ത്രീ അഭിനേതാവ് ഇല്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യവുമല്ല’, പത്മപ്രിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button