മുണ്ടക്കയം: സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ മനോഹരൻ. ഇനി ഡോക്ടർ മനോഹരൻ എന്നറിയപ്പെടും. അധ്യാപകൻ ആകണമെന്ന അതിയായ ആഗ്രഹം കഠിനപ്രയത്നത്തിലൂടെ നേടിയെടുത്തിരിക്കുകയാണ് മനോഹരൻ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, ആഗ്രഹിച്ച സമയത്ത് അധ്യാപകനാകാൻ മനോഹരന് സാധിച്ചിരുന്നില്ല. എന്നാൽ, തന്റെ ആഗ്രഹം മനോഹരൻ പാതിവഴിയിൽ ഉപേക്ഷിച്ചില്ല. മറ്റു പല ജോലികളും ചെയ്യേണ്ടി വന്നെങ്കിലും അധ്യാപന ജീവിതമെന്ന സ്വപ്നത്തിലേക്ക് നടന്നടുത്തിരിക്കുകയാണ് മനോഹരനിപ്പോൾ.
മുണ്ടക്കയം സ്വദേശിയാണ് മനോഹരൻ. കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ആണ് മനോഹരൻ ഡോക്ടറേറ്റ് നേടിയത്. 2005 ൽ ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി. 2008 കാര്യവട്ടം കാമ്പസിൽ നിന്ന് പിജിയും എംഫില്ലും പൂർത്തിയാക്കി. ഓട്ടോറിക്ഷ ഓടിക്കുന്ന ഇടവേളകളിലാണ് മനോഹരൻ പഠിച്ചിരുന്നത്. ഓട്ടോ ഓടിക്കുകയും വാർക്ക പണിക്ക് പോവുകയും ചെയ്താണ് മനോഹരൻ പഠിച്ചിരുന്നത്. പി.എച്ച്.ഡിയിൽ മനോഹരൻ തിരഞ്ഞെടുത്ത വിഷയവും കൈയ്യടി അർഹിക്കുന്നതാണ്. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സർക്കാർ പദ്ധതിയെക്കുറിച്ച് ഉള്ളതായിരുന്നു ആ വിഷയം.
താൻ തിരഞ്ഞെടുത്ത വിഷയമായ ‘പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സർക്കാർ പദ്ധതി’ അടക്കമുള്ള, സമാന പദ്ധതികളെക്കുറിച്ച് വിദ്യാർത്ഥികൾക്കുള്ള അറിവില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് മനോഹരൻ പറയുന്നു. ഒരുദിവസമെങ്കിലും വർഷങ്ങളായുള്ള ആഗ്രഹം പോലെ ഒരു അധ്യാപകനാകാൻ കഴിഞ്ഞാൽ ഇത്തരം വിദ്യാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്ന് മനോഹരൻ പറയുന്നു. മനോരമ ന്യൂസിനോടായായിരുന്നു മനോഹരന്റെ പ്രതികരണം.
Post Your Comments