കൊല്ലം: കൊട്ടിയത്ത് 14 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷന്‍ സംഘം. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കാത്തതിനാല്‍ ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നു പൊലീസ് പറഞ്ഞു. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്താണ് മകന്‍ പഠിക്കുന്നത്. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ലക്ഷ്യം. ഒരു ലക്ഷം രൂപയ്ക്കാണ് സംഘം ക്വട്ടേഷന്‍ ഏറ്റെടുത്തത്.
കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് കാറുകളിലെത്തിയ സംഘം റാഞ്ചിയത്. മാതാപിതാക്കളില്ലാത്ത സമയത്താണ് ഇവര്‍ എത്തിയത്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ പാറശാല കോഴിവിളക്കു സമീപം സംഘത്തെ തടഞ്ഞ്, അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
പൊലീസ് ജീപ്പ് പിന്തുടര്‍ന്നതോടെ ഇട റോഡ് വഴി പട്യക്കാലയില്‍ എത്തിയ സംഘം കാര്‍ ഉപേക്ഷിച്ചിരുന്നു. കാറിന്റെ മുന്‍ഭാഗം ഇടിച്ചു തകര്‍ന്ന നിലയിലായിരുന്നു. സമീപ ജംക്ഷനില്‍ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചാണ് പിന്നീട് പോയത്. ഓട്ടോയില്‍ ആഷിക്കും ബിജുവും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. ഓട്ടോ തടഞ്ഞാണ് പൊലീസ് കുട്ടിയെ മോചിപ്പിച്ചത്.
Post Your Comments