കൊച്ചി: സംസ്ഥാനത്തെ കൂടിവരുന്ന വിവാഹമോചന കേസുകളിൽ വിവാദ പരാമർശവുമായി ഹൈക്കോടതി. ജീവിത ആസ്വാദത്തിന് തടസമായി വിവാഹത്തെ കാണുന്നുവെന്ന കോടതിയുടെ പരാമർശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഉപഭോക്തൃ സംസ്കാരം വിവാഹബന്ധങ്ങളെ ബാധിച്ചെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിവാദ പരാമർശത്തിനെതിരെ വിമർശനം ഉയർന്നു.
‘ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. എന്നാൽ, ദുർബലവും സ്വാർഥവുമായ കാര്യങ്ങൾക്കും, വിവാഹേതര ബന്ധങ്ങൾക്കുമായി വിവാഹ ബന്ധം തകർക്കുന്നതാണ് നിലവിലെ പ്രവണത. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയിൽ ഭൂരിപക്ഷമായാൽ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും, വളർച്ച മുരടിപ്പിക്കുകയും ചെയ്യും. ബാധ്യതകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാൽ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവൾ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇൻ റിലേഷൻഷിപ്പുകൾ വർദ്ധിച്ചുവരുന്നു’, ഉത്തരവിൽ പറയുന്നു.
ഭാര്യയിൽ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിവാദ പരാമർശമുള്ളത്. ആലപ്പുഴ കുടുംബകോടതി ആവശ്യം തള്ളിയതിനെ തുടർന്നായിരുന്നു യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments