KeralaLatest NewsNews

ഇന്ദുമൽഹോത്രയുടെ പരാമർശം വസ്തുതാവിരുദ്ധം: പ്രതികരണവുമായി മന്ത്രി കെ എൻ രാധാകൃഷ്ണൻ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ടേർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്തതുമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോ എൽഡിഎഫ് ഗവൺമെന്റോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മലയാളികളുടെ ജീവിതനിലവാരം മധ്യവർഗ രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലെത്തിക്കൽ പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ പോരാട്ടങ്ങൾ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരുകൾ എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണെന്ന് അദ്ദേഹം അറിയിച്ചു.

ക്ഷേത്ര വരുമാനം സർക്കാരുകൾ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തിൽ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാം. ഒരു ക്ഷേത്രത്തിന്റേയും വരുമാനം സർക്കാർ ഇതുവരെ കൈയ്യടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോർഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ നൽകിവരാറുണ്ട് എന്നതാണ് യാഥാർത്ഥ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയവും കോവിഡും ദേവസ്വം ബോർഡുകളുടെ വരുമാനത്തിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും ജീവനക്കാരുടെ ശമ്പളം നൽകാനുമായി സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായും അല്ലാതെയും വിവിധ ദേവസ്വം ബോർഡുകൾക്ക് 2018 മുതൽ 2022 വരെ അഞ്ചു വർഷത്തിനുള്ളിൽ 449 കോടി രൂപയാണ് അനുവദിച്ചത്. ശബരിമല മാസ്റ്റർപ്ലാൻ പോലുള്ള ബൃഹത്തായ വികസന പദ്ധതികൾ കാര്യക്ഷമമായി നടത്താനും സുഗമമായ തീർത്ഥാടന സൗകര്യങ്ങൾ ഒരുക്കാനുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവൺമെന്റിനെതിരെ തിരിച്ചുവിടാൻ കഴിയുമോ എന്ന ശ്രമമാണ് റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര നടത്തിയത്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്നപ്പോൾ ജസ്റ്റീസ് ഇന്ദുമൽഹോത്രയുടെ മനസ്സ് എങ്ങനെയാണ് പ്രവർത്തിച്ചത് എന്ന് ഇത്തരം പ്രസ്താവനകളിൽ നിന്നും വ്യക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നിരാലംബരായ മനുഷ്യരുടെ ശ്രുശ്രുഷചെയ്യുന്നത് ദൈവത്തെ ശ്രുശ്രുഷിക്കുന്നത് പോലെ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button