ലഖ്‌നൗ: നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ടവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. ഇന്ത്യയില്‍ പൊളിച്ചുനീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ഇത്. കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവര്‍ പൊളിക്കുന്നത് മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ്.
നോയിഡ സെക്ടർ 93 എയില്‍ സ്ഥിതി ചെയ്യുന്നത് രണ്ട് ടവറുകള്‍. അപെക്സെന്നും സിയാനയെന്നും പേരുള്ള ഈ ഇരട്ട ടവറുകളിൽ 915 ഫ്ലാറ്റുകളും, 21 കടമുറികളുമാണ് ഉള്ളത്. സമീപത്തെ ഫ്ലാറ്റുകളില്‍നിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. പൊളിക്കല്‍ സമയത്ത് നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയില്‍ അരമണിക്കൂര്‍ ഗതാഗതം നിര്‍ത്തിവയ്ക്കും.
ഒരുനോട്ടിക്കല്‍ മൈല്‍ പറക്കല്‍ നിരോധന മേഖലയാണ് . കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സുപ്രീംകോടതി ഇരട്ടടവര്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്നും ടവറുകള്‍ തമ്മില്‍ ചുരുങ്ങിയ അകലം പാലിക്കാതെ നിര്‍മിച്ചെന്നുമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ 2012ല്‍ അലഹബാദ് ഹൈക്കോടതിയില്‍ ആദ്യം ഹര്‍ജി നല്‍കി. ആ ഹര്‍ജിയില്‍ പൊളിക്കാന്‍ ഉത്തരവായി. സൂപ്പര്‍ ടെക് കമ്പനി സുപ്രീകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. ഫ്ലാറ്റ് വാങ്ങിയവര്‍ക്ക് വാങ്ങിയ തുകയും 12 ശതമാനം പലിശയും കമ്പനി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
Post Your Comments