വളരെ വേഗത്തില്‍ വണ്ണം കുറയ്ക്കാനായി നിത്യവും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റ് നീക്കം ചെയ്താല്‍ മതിയെന്ന ഒരു ധാരണ അടുത്തിടെ വ്യാപകമായി. കാര്‍ബോ ഹൈഡ്രേറ്റ് കുറച്ചുകൊണ്ട് പകരം പ്രോട്ടീന്‍ ഡയറ്റില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്ന കീറ്റോ ഉള്‍പ്പെടെയുള്ള ഡയറ്റുകള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ലോ കാര്‍ബ് ഡയറ്റുകളെ സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്.
അരി, ഗോതമ്പ് മുതലായ ധാന്യങ്ങള്‍, പഴങ്ങള്‍, സ്റ്റാര്‍ച്ച് കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ മുതലായവ കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ്. കാര്‍ബോഹൈഡ്രേറ്റുകളാണ് ശരീരത്തിന്റെ ഊര്‍ജത്തിന്റെ പ്രധാന സ്ത്രോതസ്. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് അധികമാകുമ്പോള്‍ ഇത് ശരീരം കൊഴുപ്പായി ശേഖരിച്ച് വയ്ക്കാന്‍ തുടങ്ങും.
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് നന്നായി നിയന്ത്രിക്കുന്നതിലൂടെ ആഴ്ചയില്‍ ശരാശരി 0.5കിലോ മുതല്‍ 0.7 കിലോ വരെ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് മയോ ക്ലിനിക് പറയുന്നത്. ഹ്രസ്വകാലത്തേക്ക് ശരീര ഭാരം കുറയ്ക്കാന്‍ ഇത്തരം ഡയറ്റ് നല്ല ഓപ്ഷനാണെന്ന് മയോ ക്ലിനിക് പറയുന്നു.
പേശീവലിവ് ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രിക്കുന്നതുമൂലം ഉണ്ടാകുന്നത്. ഇത്തരം ഡയറ്റുകള്‍ ചിലരില്‍ മലബന്ധവും തലവേദനയും ഉണ്ടാക്കാറുണ്ട്. ഈ ഡയറ്റ് ദീര്‍ഘകാലം തുടരുന്നത് ക്ഷീണവും വിറ്റാമിന്‍ കുറവും ഉദരരോഗങ്ങളും ഉണ്ടാക്കിയേക്കാമെന്നും മയോ ക്ലിനിക് മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments