തൃശൂർ: അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ(39)യെ റിമാൻഡ് ചെയ്തു. വിഷം കഴിച്ച് അത്യാസന്ന നിലയിൽ കഴിയുമ്പോൾ രുഗ്മിണി മകളോട് ‘നീ എനിക്ക് വല്ല വിഷവും കലക്കിത്തന്നോ’ എന്ന് ചോദിച്ചിരുന്നു. എന്നാൽ, ഇതിന് ദയ തീരെ ഇല്ലാതെയായിരുന്നു ഇന്ദുലേഖ മറുപടി നൽകിയത്. ‘മരണക്കിടക്കയിലാണ്, അതോർത്തോ’ എന്നായിരുന്നു ഇന്ദുലേഖ അമ്മയോട് പറഞ്ഞത്. അമ്മയെ കൊല്ലാൻ പദ്ധതി ഇട്ടപ്പോഴോ, മരണത്തോട് മല്ലടിച്ച് അമ്മ ആശുപത്രിയിൽ കിടന്നപ്പോഴോ ഇന്ദുലേഖയ്ക്ക് വലിയ ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.
ഇന്ദുലേഖ മുൻപും തന്റെ മാതാപിതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. രണ്ട് മാസം മുൻപ് മാതാപിതാക്കളെ ഇല്ലാതാക്കാനാണ് ഇന്ദുലേഖ പദ്ധതിയിട്ടു. ഇതിനായി 20 ഡോളോ വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ഇടയ്ക്കിടെ അച്ഛനും അമ്മയ്ക്കും കൊടുക്കുന്ന ചായയിൽ പാരസെറ്റാമോൾ ഓരോന്ന് കലക്കി കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് പരാജയപ്പെട്ടതോടെയാണ് എലിവിഷം കലക്കി കൊടുക്കാൻ തീരുമാനിച്ചത്.
കീഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. ഇന്ദുലേഖയുടെ അമ്മയാണ് രുഗ്മിണി. അമ്മയെയും അച്ഛനെയും ഒരുമിച്ച് കൊലപ്പെടുത്തുക, എന്നിട്ട് സ്വത്ത് കൈക്കലാക്കുക എന്നതായിരുന്നു ഇന്ദുലേഖയുടെ പ്ലാൻ. എന്നാൽ, അച്ഛൻ രുഗ്മിണിയുടെ ചതിയിൽ വീണില്ല. കീടനാശിനി ചായയിൽ കലർത്തി അച്ഛന് നൽകിയെങ്കിലും രുചിമാറ്റം തോന്നിയതിനാൽ അച്ഛൻ ചായ കുടിച്ചില്ല. പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു കൊലപാതകം. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്. വിദ്യാർഥികളായ രണ്ട് മക്കളുണ്ട്.
Post Your Comments