മലപ്പുറം: ആസാദ് കശ്മീർ പരാമർശത്തെ തുടർന്ന് തനിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് മുൻമന്ത്രി കെ.ടി ജലീൽ. തന്നെ രാജ്യദ്രോഹിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജലീൽ പറഞ്ഞു. വിവാദമായ പോസ്റ്റ് പിൻവലിച്ചതാണെന്നും, എന്നിട്ടും തന്നെ വെറുതെ വിടുന്നില്ലെന്നും ജലീൽ പരിഭവം പറഞ്ഞു. തന്നെ രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ആരോടും പരിഭവമില്ലെന്നും ജലീൽ പറഞ്ഞു. കോടതി ഉത്തരവിനെ തുടർന്ന് ജലീലിനെതിരെ പോലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പൂർ പൊലീസാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെയുള്ളതാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ജലീലിനെതിരെ കേസെടുക്കാൻ കഴിഞ്ഞ ദിവസം തിരുവല്ല കോടതി നിർദ്ദേശിച്ചിരുന്നു. ആര്‍.എസ്.എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി.
കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കെ.ടി ജലീല്‍ ഫേസ്‌ബുക്കിൽ വിവാദ കുറിപ്പ് പങ്കുവെച്ചത്. പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീരിലെ പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് ജലീല്‍ വിശേഷിപ്പിച്ചതായിരുന്നു വിവാദത്തിനിടയാക്കിയത്. വിവാദം കടുത്തതോടെ ജലീല്‍ പോസ്റ്റ് പിൻവലിച്ചു.
‘പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം’ – ഇങ്ങനെയാണ് കുറിപ്പിന്റെ ഒരു ഭാഗം.
‘ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ…’ – മറ്റൊരു ഭാഗത്ത് ജലീൽ പറയുന്നു.
Post Your Comments