തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഎമ്മും സിപിഐയും രംഗത്ത് എത്തി. കഴിഞ്ഞ ദിവസം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്ക് എതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷമായി പ്രതികരിച്ച് സിപിഐ മുഖപത്രം. ഗവര്‍ണറുടെ നിലപാടുകള്‍ താന്‍പ്രമാണിത്തത്തോടെയുള്ളതാണെന്ന് ജനയുഗത്തിലെ മുഖപ്രസംഗം വിമര്‍ശിക്കുന്നു.
‘കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍യുദ്ധം നടത്തുകയാണ്. അന്ധമായ രാഷ്ട്രീയ മനസാണ് ഗവര്‍ണറുടേത്. നിഴലിനോട് യുദ്ധം ചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുന്നു’, സിപിഐ മുഖപത്രം വിമര്‍ശിക്കുന്നു.
ഗവര്‍ണറുടെ നിഴല്‍ യുദ്ധം എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ എഡിറ്റോറിയല്‍. ഓര്‍ഡിനന്‍സുകള്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനായെന്ന് സിപിഐ മുഖപത്രം വിമര്‍ശിച്ചു.
താന്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാരേയും താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളേയും രാജ്യാന്തര തലത്തില്‍ പോലും അപഹസിക്കുന്ന പ്രസ്താവനകളാണ് ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നതെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വിലകുറഞ്ഞ പ്രസ്താവനയും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി. ഇല്ലാത്ത അധികാരങ്ങള്‍ എടുത്തണിഞ്ഞ് ഗവര്‍ണര്‍ മേനി നടിക്കുകയാണെന്നും സിപിഐ ആക്ഷേപിച്ചു.
Post Your Comments