
പച്ചാളം: മധ്യപ്രദേശിലെ നർമദാപുരത്ത് ബച്ച്‌വാഡ നദിയിൽ മുങ്ങിമരിച്ച ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കരിച്ചപ്പോൾ ഭാര്യ വിറയ്ക്കാത്ത കൈകളോടെ അവസാന സല്യൂട്ട് നൽകി. ക്യാപ്‌റ്റൻ നിർമൽ ശിവരാജന്(30) നാട് വിട നൽകി. മൃതദേഹം പൊതുദർശനത്തിനുശേഷം വൈകിട്ട് ആറിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ പച്ചാളം ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
നിർമലിനൊപ്പം സ്‌കൂളിൽ പഠിച്ചവരും നാട്ടുകാരുമടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്കെത്തി. ഭാര്യ ഗോപീചന്ദ്ര സല്യൂട്ട് നൽകി നിർമലിന് വിട ചൊല്ലി. വീട്ടിൽ കേരള പൊലീസും പച്ചാളം ശ്‌മശാനത്തിൽ സൈനികരും ഗാർഡ് ഓഫ് ഓണർ നൽകി. ഭാര്യയെ കണ്ടതിന് ശേഷം ഓഗസ്റ്റ് 15 ന് പച്മറിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തെ കാണാതായത്. മഴ കാരണം റോഡിൽ കടുത്ത ഗതാഗതതടസ്സം ഉണ്ടെന്നും മറ്റ് വഴി നോക്കുന്നുണ്ടെന്നും ഭാര്യയോട് ഫോണിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കാർ ബച്ച്‌വാഡ നദിയിൽ വീഴുകയായിരുന്നു. നദിയിലെ മരത്തിൽ കുടുങ്ങിയ നിലയിൽ വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
മധ്യപ്രദേശ് മുതൽ നിർമലിന്റെ മൃതദേഹത്തെ ഗോപീചന്ദ്ര അനുഗമിക്കുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇവരുടെ വിവാഹം. ജബൽപൂരിൽ സൈനിക ആശുപത്രിയിൽ നേഴ്സാണ് ഗോപീചന്ദ്ര. വെറും എട്ട് മാസം നീണ്ട ആയുസ് മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ബന്ധത്തിന് ഉണ്ടായത്. നിർമലിന്റെ അമ്മ സുബൈദയുടെയും സഹോദരി ഐശ്വര്യയുടെയും ദുഃഖം നിയന്ത്രിക്കാൻ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടി.
Post Your Comments