തിരുവനന്തപുരം: സംസ്ഥാനസർക്കാർ തീവ്രവാദ-ലഹരി കൂട്ടുകെട്ടിനോട് കണ്ണടയ്ക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. രാജ്യത്തെ ലഹരി ഇടപാടിന്‍റെ മുഖ്യ ഹബ്ബായി കേരളം മാറിയത് ഭരിക്കുന്നവരുടെ ഒത്താശയോടെയെന്നും ലഹരി മാഫിയയെ നിയന്ത്രിക്കുന്നത് തീവ്രവാദ സംഘടനകളാണെന്നും കേന്ദ്രമന്ത്രി ഒബിസി മോർച്ച പഠനശിബിരത്തിൽ പറഞ്ഞു. ഈ സംഘമാണ് ഒബിസി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസൻ്റെ ജീവനെടുത്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ സ്വസമുദായത്തിലെ പിന്നാക്കക്കാർക്ക് വേണ്ടി, അധസ്ഥിതർക്ക് വേണ്ടി ഇടപെടൽ നടത്തുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷത്തെ ചരിത്രത്തില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് പരിഗണന ലഭിച്ചു തുടങ്ങിയത് നരേന്ദ്രമോദി അധികാരത്തിലേറിയതു മുതലാണെന്നും വി.മുരളീധരൻ പറഞ്ഞു. സിപിഐഎം വോട്ടുബാങ്ക് ആയി മാത്രമാണ് ഒബിസി വിഭാഗത്തെ കാണുന്നത്.
പിന്നാക്ക സമുദായങ്ങൾക്ക് സാമൂഹിക നീതി ഉറപ്പാക്കാൻ ഇടപെടുന്നത് മോദി സർക്കാർ മാത്രമാണ്. ബിജെപിയെ സവർണ പാർട്ടിയാക്കി മുദ്രകുത്തി പിന്നാക്ക സമുദായക്കാർക്കിടയിൽ ചിത്രീകരിക്കുന്നവർ ആ സമുദായത്തിന് വേണ്ടി എന്ത് പുരോഗമനമാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി ചോദിച്ചു.
കേരളത്തിലെ സർക്കാരിന് സ്വജനപക്ഷപാതത്തിലും അഴിമതിയിലും മാത്രമാണ് ഊന്നൽ. സ്വജനപക്ഷപാതകേസുകളിൽ അന്വേഷണം നടന്നാൽ ആദ്യം രാജിവച്ച് പുറത്തു പോകേണ്ടിവരുക മുഖ്യമന്ത്രിക്കായിരിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു. ലോകായുക്തയെ അടക്കം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇതിന്‍റെ ഭാഗമാണ്. കണ്ണൂർ സർവകലാശാലയിലെ രാഷ്ട്രീയ നിയമനത്തിൽ ആരെല്ലാം ഉൾപ്പെട്ടന്നതിൽ അന്വേഷണം വേണം.
അഴിമതിയും ബന്ധുനിയമനവും പിടിക്കപ്പെട്ടാല്‍ സംസ്ഥാനഭരണത്തെ അട്ടിമറക്കാന്‍ മോദി ചെയ്യിപ്പിക്കുന്നതാണെന്ന വാദം ലജ്ജിപ്പിക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കാപട്യത്തിന്‍റെയും അവസരവാദത്തിന്‍റെയും അഴിമതിയുടെയും രാഷ്ട്രീയ രൂപമായ സിപിഎമ്മിന്‍റെ വലയില്‍ നിന്ന് ഈഴവ സമുദായാംഗങ്ങളക്കം പുറത്തുവരണമെന്നും ശിബിരം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി പറഞ്ഞു.
Post Your Comments