കൊച്ചി: തനിക്കെതിരായ ഗൂഢാലോചനക്കേസുകള്‍ റദ്ദാക്കണമെന്ന, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി, ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. കേസുകൾ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജി നിലനില്‍ക്കുമോയെന്ന്, വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ നല്കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നത്.
കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കണമെന്നും സ്വപ്നയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസുകള്‍ റദ്ദാക്കാനാകില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
എന്നാൽ, കെ.ടി. ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലമാണ് സ്വപ്ന സുരേഷ് സമര്‍പ്പിച്ചത്. ജലീല്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടതായും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയതായും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
Post Your Comments