കുറച്ചു ദിവസങ്ങളായി ശ്രീലങ്കൻ തീരത്തു നങ്കൂരമിട്ടിരിക്കുന്ന ചൈനീസ് കപ്പൽ യുവാൻ വാങ്ങ് 5 ആണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്താണ് ഇന്ത്യയുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ ചൈനയുടെ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.
പതിമൂന്നാം തീയതിയാണ് ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രാലയം കപ്പലിന് തീരത്തടുക്കാനുള്ള അനുമതി നൽകിയത്. എന്നാലത് ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് നീണ്ടു പോവുകയായിരുന്നു. ഓഗസ്റ്റ് 16 മുതൽ ഇരുപത്തിരണ്ടാം തീയതി വരെയാണ് ചൈനീസ് കപ്പൽ ശ്രീലങ്കൻ തീരത്ത് കിടക്കുക. 99 വർഷത്തെ പാട്ടക്കരാർ ഹംബൻതോട്ട തുറമുഖത്തിനു മേൽ ചൈനയും ശ്രീലങ്കയുമായി നിലനിൽക്കുന്നതിനാൽ, ശ്രീലങ്കയ്ക്ക് ചൈനയെ എതിർക്കാൻ നിവൃത്തിയില്ല.
Also read: ‘അയൽക്കാർ തന്നെ ഭീകരർക്ക് ഒറ്റിക്കൊടുക്കുന്നു’: കശ്മീർ താഴ്‌വര വിടാനൊരുങ്ങി പണ്ഡിറ്റുകൾ
അത്യാധുനിക സംവിധാനങ്ങളുള്ള ഒരു നിരീക്ഷണ കപ്പലാണ് യുവാൻ വാങ്ങ് 5. സംവിധാനങ്ങൾ എന്നാൽ, ചൈന ഇതുവരെ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും മികച്ച നിരീക്ഷണ സംവിധാനങ്ങൾ എന്ന് വേണം പറയാൻ. ഇന്ത്യൻ ഉപഭൂഖണ്ഡം മൊത്തമായി നിരീക്ഷിക്കാൻ കപ്പലിന് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ന്യൂക്ലിയർ സബ്മറൈൻ ആസ്ഥാനങ്ങൾ തുടങ്ങി വ്യോമസേനാ, കരസേനാ കമാൻഡുകളടക്കം ഈ കപ്പലിന്റെ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുന്നു.
കേരള, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട തുറമുഖങ്ങളും ഇതിന്റെ റഡാർ പരിധിയിലാണ്. ന്യൂക്ലിയർ സബ്മറൈൻ ആസ്ഥാനങ്ങളുടെ കണക്കെടുത്താൽ കൽപ്പാക്കം, കൂടംകുളം എന്നിവയും നിരീക്ഷിക്കാൻ കപ്പലിന് സാധിക്കും. എല്ലാറ്റിലുമുപരി, ചാന്ദിപ്പൂരിലെ ഐഎസ്ആർഒ ബഹിരാകാശനിലയവും ഈ ചാരക്കപ്പലിന്റെ നിരീക്ഷണപരിധിയിൽ ഉൾപ്പെടുന്നു. ഇത് വളരെ വലിയൊരു സുരക്ഷാ ഭീഷണിയാണ് എന്നതാണ് ഇന്ത്യൻ ഭരണകൂടം ഇത്രയും ജാഗ്രത പാലിക്കാൻ കാരണം.
Post Your Comments