ചെന്നൈ: സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താൻ വിസമ്മതിച്ച ഹെഡ്മിസ്ട്രസ്സിനെതിരെ പരാതി. ദേശീയപതാക ഉയർത്തി സല്യൂട്ട് നൽകുന്നത് മതവിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞാണ് അധ്യാപിക പതാക ഉയർത്താൻ വിസമ്മതിച്ചത്. തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് സംഭവം.
ഒരു സർക്കാർ സ്‌കൂളിലെ പ്രധാന അധ്യാപികയായ തമിൾസെൽവിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്താൻ വിസമ്മതിച്ചത്. തുടർന്ന് അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്തുകയായിരുന്നു. താൻ യാക്കോബ ക്രിസ്റ്റ്യൻ മതവിഭാഗത്തിൽപ്പെടുന്നയാളാണെന്നും, ദേശീയപതാക ഉയർത്തി സല്യൂട്ട് നൽകാതിരുന്നത് മതവിശ്വാസം അനുവദിക്കാത്തതിനാലാണെന്നുമാണ് തമിൾസെൽവി വിശദീകരിക്കുന്നത്. ദേശീയപതാകയോട് തനിക്ക് അനാദരവില്ല.
താൻ ദൈവത്തെ മാത്രമേ സല്യൂട്ട് ചെയ്യുകയും നമസ്‌കരിക്കുകയും ചെയ്യുകയുള്ളൂ. അതുകൊണ്ടാണ് പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്നതിൽ നിന്നും മാറി നിന്നതെന്നും, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസിനെക്കൊണ്ട് ചെയ്യിച്ചതെന്നും തമിൾസെൽവി പറയുന്നു. ദേശീയപതാക ഉയർത്താൻ വിസമ്മതിച്ച ഹെഡ്മിസ്ട്രസ് തമിൾസെൽവിക്കെതിരെ ധർമ്മപുരിയിലെ ചീഫ് എഡ്യൂക്കേഷൻ ഓഫീസർക്കാണ് (സിഇഒ) പരാതി ലഭിച്ചത്. കഴിഞ്ഞവർഷവും ഈ അധ്യാപിക അവധിയെടുത്ത് മാറി നിന്നെന്നും പരാതിയിൽ പറയുന്നു.
Post Your Comments