ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ വീര സവർക്കറുടെ പോസ്റ്റർ പതിച്ചതിന് യുവാവിനെ കുത്തി പരിക്കേൽപിച്ച നാല് ടിപ്പു അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു. നദീം (25) അബ്ദുൾ റഹ്മാൻ (25), തൻവീർ, സബിയുളള എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ സബിയുളള പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസുകാരെ മർദ്ദിച്ച ശേഷം ഓടി രക്ഷപ്പെടാനായിരുന്നു ശ്രമം. ഓടിയ ഇയാളെ മുന്നറിയിപ്പ് നൽകിയിട്ടും നിൽക്കാതെ വന്നതോടെ പോലീസ് കാലിന് വെടിയുതിർത്താണ് കീഴ്‌പ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് പ്രേം സിംഗ് എന്നയാളെ ശിവമോഗയിലെ തീർത്ഥഹളളി റോഡിലെ നമോ ശങ്കർ ലേ ഔട്ടിൽ വെച്ച് സംഘം കുത്തി പരിക്കേൽപിച്ചത്. അമീർ അഹമ്മദ് സർക്കിളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീര സവർക്കറുടെ പോസ്റ്ററുകൾ പതിച്ചത് ടിപ്പു അനുകൂലികൾ ചോദ്യം ചെയ്തിരുന്നു. പിന്നാലെ ടിപ്പുവിന്റെ ഫള്ക്‌സ് ബോർഡ് സ്ഥാപിക്കാനുളള നീക്കമാണ് സംഘർഷത്തിലെത്തിയത്.
ഇതിന്റെ തുടർച്ചയായിട്ടാണ് പ്രേംസിംഗിനെ കുത്തിയത്. സംഘർഷത്തെ തുടർന്ന് ശിവമോഗയിൽ 18 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments