തിരുവനന്തപുരം: തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കും. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്താനാണ് അതിരൂപതയുടെ നിർദ്ദേശം.വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നിൽ ഉപരോധ സമരവും തുടങ്ങും.
തീരദേശ പ്രദേശങ്ങളിൽ നിന്ന് കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും. പിന്നീട്, മുല്ലൂരിൽ തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകൽ ഉപരോധ സമരം അതിരൂപത സഹായ മെത്രാൻ ആർ ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും.
ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസന്ദേശം നൽകും. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാൻ നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Post Your Comments