![](/wp-content/uploads/2022/08/belly-fat.jpg.image_.470.246.jpg)
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്ന് മാത്രമല്ല, ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും. അതുപോലെ തന്നെ, സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ അല്ല വണ്ണം കുറയുക. വ്യായാമം ഫലം കാണുന്നതും രണ്ട് വിഭാഗക്കാരിലും രണ്ട് രീതിയിലായിരിക്കും.
എങ്കിലും ചില കാര്യങ്ങള്‍ പൊതുവായി ശ്രദ്ധിച്ചാല്‍ മാത്രമേ വണ്ണം കുറയ്ക്കാൻ സാധിക്കൂ.
വണ്ണം കുറയ്ക്കുകയാണല്ലോ എന്നോര്‍ത്ത് കാര്യമായി ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുന്നവരുണ്ട്. ഭക്ഷണത്തിന്‍റെ അളവ് കുറച്ചല്ല ഡയറ്റ് പാലിക്കേണ്ടത്. മറിച്ച് ആരോഗ്യകരമായ ഭക്ഷണം സമയത്തിന്, മിതമായ അളവില്‍ കഴിച്ചാണ് ഡയറ്റ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണം എപ്പോഴും ‘ബാലൻസ്ഡ്’ ആയിരിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെല്ലാം ലഭിച്ചിരിക്കണം.
ഭക്ഷണത്തില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് ദഹനം എളുപ്പത്തിലാക്കുകയും വണ്ണം കുറയ്ക്കാനുള്ള ശ്രമം ത്വരിതപ്പെടുത്തുകയും ചെയ്യും.
ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശരീരത്തില്‍ ജലാംശം ഇല്ലെങ്കില്‍ ദഹനം മന്ദഗതിയിലാവുകയും, പോഷകങ്ങള്‍ ശരീരത്തില്‍ പിടിക്കാതിരിക്കുകയും, കലോറി എരിയിച്ചുകളയാൻ കഴിയാതിരിക്കുകയുമെല്ലാം ഉണ്ടാകാം. വെള്ളം അധികമാകാതെയും നോക്കണം
പോഷകങ്ങളടങ്ങിയ പാനീയങ്ങള്‍ കൂടുതല്‍ ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കുക. പാല്‍, ബദാം മില്‍ക്ക്, ബട്ടര്‍മില്‍ക്ക്, പച്ചക്കറി ജ്യൂസുകള്‍, ഇളനീര്‍ എന്നിങ്ങനെ പലതും കഴിക്കാവുന്നതാണ്.
മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഒന്നുകില്‍ പരിപൂര്‍ണ്ണമായി ഇതുപേക്ഷിക്കുക. അല്ലെങ്കില്‍, കാര്യമായ അളവില്‍ തന്നെ നിയന്ത്രിക്കുക.
അയേണ്‍ സമ്പന്നമായ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്ലതാണ്. ഈന്തപ്പഴം, ബീറ്റ്റൂട്ട്, മാതളം, സീഡ്സ്, നട്ട്സ്, ഇലക്കറികള്‍, മീൻ, ചിക്കൻ എന്നിവയെല്ലാം കഴിക്കാവുന്നതാണ്.
വൈറ്റമിൻ-ഡി അടങ്ങിയ ഭക്ഷണവും കാര്യമായി ഡയറ്റിലുള്‍പ്പെടുത്തുക. കൂണ്‍, പാലുത്പന്നങ്ങള്‍, മീൻ, ഇലക്കറികളെല്ലാം ഇതിനുദാഹരണമാണ്. ആവശ്യമെങ്കില്‍ വൈറ്റമിന്‍-ഡി സപ്ലിമെന്‍റ്സും കഴിക്കാവുന്നതാണ്.
Post Your Comments