
കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് വീടിനു മുന്നിൽ ദേശീയ പതാക ഉയർത്തി പി ജയരാജൻ. സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള സ്ഥിതിസമത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ രംഗത്ത് വരേണ്ട സമയമാണിതെന്ന് പതാക ഉയർത്തിയ ശേഷം അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഇന്ത്യയില്‍ പലയിടത്തും ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും, മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വർഷങ്ങളായി ജയിലിൽ കിടക്കുന്ന ആളുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായി കാണുന്ന ഈ കാലത്ത്, രാജ്യസ്‌നേഹികള്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഭരണഘടനയുടെ മൂല്യങ്ങളും സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനാണ് ഇനി പോരാടുന്നതെന്നും, സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും ജയരാജൻ പറഞ്ഞു.
പി. ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ വീട്ടിനു മുൻപിൽ കുടുംബസമേതം ദേശീയ പതാക ഉയർത്തി. ഒട്ടേറെ ധീരാത്മാക്കള്‍ ജീവത്യാഗം ചെയ്തു കൊണ്ട്, തടവറകളില്‍ വലിയ ത്യാഗം സഹിച്ചുകൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നത്. സമ്രാജ്യത്തത്തിന് എതിരായുള്ള ജനകീയ പോരാട്ടങ്ങള്‍ രാജ്യമെമ്പാടും നടന്നു. അതിന്റെ ഫലമായാണ് ഇന്ന് സ്വതാന്ത്ര്യവും ജനാധിപത്യവും പൗരന്മാരുടെ നേട്ടങ്ങളുമെല്ലാം സാധ്യമായത്. അവ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് ചില കോണുകളില്‍ നിന്നുണ്ടാകുന്നത്. അതുകൊണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള സ്ഥിതിസമത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ രംഗത്ത് വരേണ്ട സമയമാണിത്.
രാജ്യത്ത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ ഇന്ത്യയില്‍ പലയിടത്തും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ലോകത്തും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ സല്‍മാന്‍ റുഷ്ദിക്ക് എതിരായാണ് വധശ്രമം നടന്നിട്ടുള്ളത്. ഇന്ത്യയില്‍ തന്നെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍, മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ വര്ഷങ്ങളായി ജയിലില്‍ കിടക്കുന്ന വ്യക്തികള്‍ അടക്കമുണ്ട്. സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായി കാണുന്ന ഈ കാലത്ത്, രാജ്യ സ്‌നേഹികള്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഭരണഘടനയുടെ മൂല്യങ്ങളും സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നത്.
Post Your Comments