എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു-എസ്.എഫ്.ഐ ബാനർ യുദ്ധം. ഇന്നലെ എസ്.എഫ്.ഐ ഉയർത്തിയ മറുപടിക്ക് അതിനും മുകളിൽ ബാനർ ഉയർത്തി കെ.എസ്.യുവിന്റെ മറുപടി ഇന്നെത്തി. ‘വർഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ’ എന്നാണ് കെ.എസ്.യുവിന്റെ ഉരുളയ്ക്കുപ്പേരി കണക്കെയുള്ള മറുപടി ബാനർ.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഹൈബി ഈഡൻ എം.പി എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് പാർലമെന്റിൽ ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടർന്ന്, ഹൈബിയ്ക്കെതിരെ എസ്.എഫ്.ഐ കോളജിൽ ബാനർ ഉയർത്തുകയായിരുന്നു. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്..’ ഇതായിരുന്നു ഹൈബിക്കുള്ള എസ്.എഫ്.ഐയുടെ ആദ്യ ബാനർ മറുപടി. തൊട്ടുപിന്നാലെ മറുപടിയുമായി കെ.എസ്.യു രംഗത്തെത്തി. ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’. പിന്നാലെ എത്തി ചുവന്ന ബാനർ. ‘അതേ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ’ എന്ന് എസ്.എഫ്.ഐ എഴുതി. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്റിൽ വിഷയം അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനോടായിരുന്നു ശൂന്യവേളയിൽ ഹൈബി നിരോധന ആവശ്യം ഉന്നയിച്ചത്. ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദ്ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു.
Post Your Comments