തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഓഫ് സ്റ്റഡി ഓഫ് ലിവർ (INASL 2022) ഓഗസ്റ്റ് നാലു മുതൽ ഏഴുവരെ ഡൽഹിയിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ യങ് ഇൻവെസ്റ്റിഗേറ്റർ (ക്ലിനിക്കൽ) അവതരണത്തിൽ അഞ്ചിൽ മൂന്ന് പ്രബന്ധങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ടീം നേടി.
മികച്ച നേട്ടം കൈവരിച്ച മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ആദ്യമായാണ് സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളേജ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കോർപ്പറേറ്റ് ആശുപത്രികളിൽ നിന്നും അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചിൽ മൂന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുമായിരുന്നു. ഡോ. വിജയ് നാരായണൻ ഒന്നാം സ്ഥാനം നേടി.
ഡോ. റുഷിൽ സോളങ്കി, ഡോ. ആന്റണി ജോർജ് എന്നിവരാണ് അവാർഡ് സെക്ഷനിലേക്കു പരിഗണിക്കപ്പെട്ട മറ്റ് രണ്ടുപേർ. മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ഈ പഠനങ്ങൾ നടന്നത്.
Post Your Comments