ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാം തുറന്നതില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കകളില്ല. അണക്കെട്ട് തുറന്നത് തീരപ്രദേശങ്ങളിലുള്ളവരെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘രാവിലെ 10 മണിയോടെയായിരുന്നു ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്. 70 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 50 ക്യുമെക്‌സ് അതായത് 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. ഇത് പെരിയാര്‍ തീരദേശത്ത് ആരെയും ബാധിക്കില്ല, ഡാം തുറന്നെങ്കിലും ആശങ്ക വേണ്ട’- മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
‘പെരിയാറിന്റെ ജലനിരപ്പ് ഒരു തരത്തിലും ആശങ്കയുണ്ടാക്കുന്നില്ല. ഡാമിലെ ജലം കുറച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകത കൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുന്നത്. ദുരന്തനിവാരണ അതോറിറ്റി, ജില്ലാ കളക്ടര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാവരും ജാഗരൂകരാണ്’- മന്ത്രി അറിയിച്ചു.
നിലവില്‍ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂള്‍ കര്‍വ്. ഇന്നലെയാണ് അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 26 ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിരുന്നു. ജനവാസമേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments