എറണാകുളം: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായാണ് രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശം നൽകി.
എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ക്യാംപുകൾ അധികമായി തുറക്കുന്നതിന് നടപടി സ്വീകരിക്കും. പെരിയാറിൻ്റെ സമീപ പ്രദേശങ്ങളിലുള്ള പഞ്ചായത്തുകൾക്ക് ജാഗ്രതാ നിർദേശം നൽകും. ജനപ്രതിനിധികളുമായി ആലോചിച്ച് അടിയന്തര സംവിധാനങ്ങൾ ഒരുക്കും. താലൂക്കുകളിൽ നിന്നുള്ള വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ക്യാംപുകൾ ആരംഭിക്കുന്നതിന് ഇൻ്റർ ഏജൻസി ഗ്രൂപ്പിൻ്റെ സഹായവും തേടും. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി.
വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് വീണ്ടും ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്.
Post Your Comments