തായ്‌വാൻ അധിനിവേശത്തിന് ചൈന തുനിഞ്ഞാൽ താങ്ങാൻ കഴിയാത്ത വില നൽകേണ്ടി വരുമെന്ന് തായ്‌വാൻ നിയമനിർമ്മാതാവ് വാങ് ടിംഗ്-യു. ദ്വീപ് അതിന്റെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നുവെന്നും, പുറത്തുനിന്നുള്ള ഏത് ഭീഷണിയെയും നേരിടാനുള്ള ആത്മവിശ്വാസവും ശക്തിയും ദ്വീപിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തായ്‌വാനിലെ വിദേശകാര്യ, ദേശീയ പ്രതിരോധ സമിതിയുടെ ഭാഗമാണ് ടിംഗ്-യു.
‘ഞങ്ങൾക്ക് ഒരു സൈനിക സംഘർഷം ആവശ്യമില്ല. ഞങ്ങളായിട്ട് ആരോടും ഒന്നിനും നിൽക്കുന്നില്ല. എന്നാൽ, തായ്‌വാൻ അധിനിവേശം നടത്താൻ ചൈന തുനിഞ്ഞാൽ, അവർക്ക് താങ്ങാനാകാത്ത വില നൽകേണ്ടിവരും’, ടിംഗ്-യു മുന്നറിയിപ്പ് നൽകി. തായ്‌വാനിലേക്ക് ചൈന മിസൈൽ വിക്ഷേപിക്കാൻ തയ്യാറായി നിൽക്കുന്നത്, യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്നുണ്ടായ പിരിമുറുക്കം കൊണ്ടല്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ‘പ്രഭാ മുഖം’ നഷ്‌ടപ്പെടുന്നതിനാലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ദ്വീപിൽ നിന്ന് അൽപ്പം അകലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ തായ്‌വാൻ ലക്ഷ്യമാക്കി ചൈന 11 മിസൈലുകൾ തൊടുത്തുവിട്ടു. 1996-ന് ശേഷം ഇതാദ്യമായാണ് ചൈന തായ്‌വാനിലേക്ക് മിസൈലുകൾ വിക്ഷേപിച്ചത്. സ്ഥിതിഗതികൾ സംഘർഷഭരിതമാണ്, പക്ഷേ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments