KeralaLatest NewsNews

തൈക്കാട്ടുശേരിയില്‍ കൃഷിപ്പണികള്‍ക്ക് ഇനി സ്വന്തം കര്‍മ്മസേന

 

ആലപ്പുഴ: കാര്‍ഷിക മേഖലയിലെ എല്ലാത്തരം ജോലികളും ചെയ്യുന്നതിന് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന് ഇനി സ്വന്തം കര്‍മ്മസേനയുണ്ടാകും. പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി 20 സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക കര്‍മ്മസേനയ്ക്ക് രൂപം നല്‍കിയത്.

 

കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. വിശ്വംഭരൻ പറഞ്ഞു. കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സംവിധാനവുമുണ്ട്.

 

തിരഞ്ഞെടുക്കപ്പെട്ട കര്‍മസേനാംഗങ്ങള്‍ക്ക്ആത്മയുടെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ആദ്യഘട്ട പരിശീലനം നല്‍കി. ട്രാക്ടര്‍, ടില്ലര്‍, വീഡ് കട്ടർ, തെങ്ങ് കയറ്റയന്ത്രം എന്നിവ ഉപയോഗിക്കുന്നതിനാണ് ഇവരെ പരിശീലിപ്പിച്ചത്.

 

ജൈവ കീടനാശിനിയുടെ നിര്‍മാണവും ഉപയോഗവും, തൈകളുടെ ശാസ്ത്രീയ ഉത്പാദനം എന്നിവയിലുള്ള പരിശീലനം പൂര്‍ത്തിയാകുന്നതോടെ കര്‍മ്മ സേനാംഗങ്ങള്‍ കൃഷിയിടങ്ങളില്‍ കൂടുതൽ സജീവമാകുമെന്ന് കൃഷി ഓഫീസര്‍ പിന്‍റു റോയി പറഞ്ഞു.

 

‍കർഷകർ ആവശ്യപ്പെടുന്നതനുസരിച്ച് കര്‍മസേന അംഗങ്ങളെ ജോലിക്കായി വിട്ടുനല്‍കും. നിലമൊരുക്കൽ മുതൽ വിളവെടുപ്പു വരെയുള്ള സേവനങ്ങൾ ഇവര്‍ മിതമായ നിരക്കിൽ ചെയ്തു നൽകും. ഇവരുടെ ജോലിക്കുള്ള കൂലി കർഷകർ തന്നെ നല്‍കണം.

 

ആവശ്യമനുസരിച്ച് തൈകളും ഗ്രോ ബാഗുകളും തയ്യാറാക്കി നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യും. സേവനങ്ങൾ ലഭിക്കാൻ 9072311404 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

 

 

shortlink

Post Your Comments


Back to top button