സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പലിശ ഇളവ് നൽകാനൊരുങ്ങി സർക്കാർ. 10 ലക്ഷം രൂപ വരെ പദ്ധതി ചിലവുള്ള വ്യവസായ സംരംഭങ്ങൾക്കാണ് പലിശ ഇളവ് നൽകുന്നത്. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയുടെ മാർഗ്ഗരേഖയാണ് വ്യവസായ വകുപ്പ് അംഗീകരിച്ചത്. കൂടാതെ, ബാങ്ക് വായ്പയിൽ 4 ശതമാനത്തിലധികം വരുന്ന പലിശ സംരംഭകന് സബ്സിഡിയായും നൽകും.
മാർഗ്ഗനിർദ്ദേശങ്ങളിൽ 50 ശതമാനം വനിതകൾ ആയിരിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. നിലവിൽ, നിർമ്മാണ, തൊഴിലവസര മേഖലകളിലെ സംരംഭങ്ങൾക്കാണ് സബ്സിഡി ഇളവുകൾ ലഭിക്കുന്നത്. എന്നാൽ, ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതി നിലവിൽ വരുന്നതോടെ സേവന, വ്യാപാര മേഖലയിലെ സംരംഭങ്ങൾക്ക് കൂടി വ്യവസായ വകുപ്പ് പലിശ സബ്സിഡി സഹായം നൽകും.
ഈ വർഷം നാലു കോടി രൂപയാണ് സബ്സിഡി ഇനത്തിൽ മുടക്കുന്നത്. ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത സംരംഭങ്ങളെയാണ് ഇതിനായി പരിഗണിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് നിർദ്ദേശിക്കുന്ന പലിശ സംരംഭകൻ മുൻകൂറായി അടക്കേണ്ടതുണ്ട്. ഇതിലെ 4 ശതമാനം കിഴിച്ചുള്ള പലിശ സബ്സിഡിയായി വർഷാവസാനം സംരംഭകന്റെ അക്കൗണ്ടുകളിൽ എത്തുകയും ചെയ്യും.
Post Your Comments